നവകേരള സദസ്സിനു കുട്ടികളെ കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി

കൊച്ചി ‘സ്വന്തം കുട്ടികളാണെങ്കില്‍ ഇതു ചെയ്യുമോ നവകേരള സദസ്സിനു കുട്ടികളെ കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇന്നലെ ചോദിച്ചതാണിത്. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവുണ്ടെങ്കില്‍പ്പോലും പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത ഒരു പ്രവര്‍ത്തനത്തിനും കുട്ടികളെ അയയ്ക്കരുതെന്നു പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തുടര്‍ന്നു: ” ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും കുട്ടികളില്ലേഇവര്‍ക്കു തലയ്ക്കു കുറച്ചു വെളിവു കൊടുക്കുകയാണു വേണ്ടത്. ഒരു മന്ത്രിയും ഇതു ന്യായീകരിക്കില്ല. ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ കുട്ടികളെയാണു സംരക്ഷിക്കേണ്ടത്.

അവര്‍ക്കിത് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഇതു രാഷ്ട്രീയമായി കാണരുത്. നാടിന്റെ വലിയ നിക്ഷേപമാണു കുട്ടികള്‍. അവരെ ഇതിനല്ല ഉപയോഗിക്കേണ്ടത്. സിബിഎസ്ഇ സ്‌കൂളില്‍ ഇതു ചെയ്യാന്‍ ധൈര്യമുണ്ടോ ഇതൊക്കെ ആരെയെങ്കിലും സുഖിപ്പിക്കാന്‍വേണ്ടി ചെയ്യുന്നതായിരിക്കും. മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ.നവാസ് നല്‍കിയ ഹര്‍ജിയിലാണു കോടതി നിര്‍ദേശം നല്‍കിയത്. നവകേരള യാത്രയ്ക്കു സ്‌കൂള്‍ ബസ് വിട്ടുനല്‍കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കുന്നത് 21ന് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനൊപ്പം പരിഗണിക്കാനായി ഹര്‍ജി അടുത്തയാഴ്ചയിലേക്കു മാറ്റി. ഒരു വിദ്യാലയത്തില്‍നിന്നു 10 കുട്ടികളെ നവകേരളസദസ്സില്‍ പങ്കെടുപ്പിക്കണമെന്ന മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശമാണ് എംഎസ്എഫ് ചോദ്യം ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *