ടി.വി. സീരിയല്‍ എന്‍ഡോസള്‍ഫാനെക്കാളും വിഷം; ടെലിവിഷന്‍ സീരിയലുകള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രേംകുമാര്‍

ടെലിവിഷന്‍ സീരിയലുകള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍. ടിവി സീരിയലുകള്‍ എന്‍ഡോസള്‍ഫാനിനേക്കാള്‍ മാരകമാണ്. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളാണ് ഇപ്പോള് വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. എന്നാല്‍ താന്‍ സീരിയല്‍ വിരോധിയല്ലെന്നും കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വച്ച് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സീരിയലുകള്‍ പാടേ നിരോധിക്കേണ്ട ആവശ്യമില്ല. പക്ഷേ, സമീപകാലത്തെ പല സീരിയലുകള്‍ അംഗീകരിക്കാനാവില്ല.
കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഒരു സീരിയലില്‍ പോലും അഭിനയിക്കാത്തത് വരുംതലമുറയോട് താന്‍ ചെയ്യുന്ന നന്മയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.