പാലക്കാട് സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ ആർ.എസ്.എസ്

പാലക്കാട്: മലമ്പുഴയിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാനാണ് (40) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.15ഓടെ മലമ്പുഴ കുന്നങ്കാട് വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്.
ഷാജഹാന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നെന്നും കൊലപാതകത്തിന് പിന്നിൽ അവരാണെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രകോപനം ഉണ്ടാക്കാനാണ് ശ്രമമെന്ന് എന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ പറഞ്ഞു. കൊലയാളികൾ ആരെന്ന് പൊലീസ് പറയട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരനും ആരോപിച്ചു. കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തതായി വിവരമുണ്ടായിരുന്നുവെന്നും എം എല്‍ എ പറഞ്ഞു. അതേസമയം, രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്. എന്നാൽ കൊലപാതകത്തിൽ ആർ എസ് എസ് ന് യാതൊരു പങ്കുമില്ലന്ന് നേതൃത്വം വ്യക്തമാക്കി. സി പി എം മ്മിലെ വിഭാഗീയതയാണ് കൊലപാതകത്തിന് പിന്നിലെന്നും നേതാക്കൾ പറഞ്ഞു.