തിരുവനന്തപുരം: ആദ്യ മണിക്കൂറുകളില്‍ രാജ്യവ്യാപകമായ പണിമുടക്കില്‍ കേരളത്തില്‍ ജനജീവിതം സ്തംഭിച്ചു. ബിഎംഎസ് ഒഴികെ 20-ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലേയും, മോട്ടോര്‍ വാഹന മേഖലയിലേയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നു.
29-ാം തീയതി വൈകിട്ട് 6 മണി വരെയാണ് പണിമുടക്ക്. എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിലുയര്‍ത്തുന്ന പ്രധാന പ്രതിഷേധം. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.
സംസ്ഥാനത്ത് ബസ് ഗതാഗതവും സ്തംഭിച്ചു. പാല്, പത്രം, ആശുപത്രി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചിരുന്നുവെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബസ് ഉടമകള്‍ ഇന്നലെ അറിയിച്ചിരുന്നു. കേരളത്തില്‍ പണിമുടക്ക് വലിയ രീതിയില്‍ ബാധിച്ചെങ്കിലും മുംബൈ, ദില്ലി, ചൈന്നൈ ഉൾപ്പെടെ മഹാനഗരങ്ങൾ ജനജീവിതം സാധാരണ നിലയിലാണ്.
അതേസമയം, ചെന്നൈ നഗരത്തെ പൊതുപണിമുടക്ക് ബാധിച്ചിട്ടില്ല. മുംബൈയിൽ ഇടതു തൊഴിലാളി സംഘടനകൾക്കു സ്വാധീനമുള്ള ചുരുക്കം ചില മേഖലകളിൽ തൊഴിലാളികൾ പണിമുടക്കുന്നുണ്ട്. ഇവിടെയും എന്നാൽ പൊതുജീവിതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. കർണാടകയിൽ വിദ്യാർഥികൾക്കു പരീക്ഷകൾ അടക്കം സുഗമമായി നടക്കുന്നുണ്ട്. ചില നഗരങ്ങളിൽ പണിമുടക്ക് നടക്കുന്നുണ്ടെന്ന വിവരം പോലും പലരും അറിഞ്ഞിട്ടില്ല.