രാഷ്ട്രപതി ദ്രൗപദി മുര്‍മു കരുനാഗപ്പള്ളിയിലെ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. അര മണിക്കൂറിലേറെ ചെലവഴിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് രാഷ്ട്രപതി മടങ്ങിയത്
ഇന്നലെ രാവിലെ 9.35 നാണ് രാഷ്ട്രപതി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. സന്യാസിനിമാരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ തിലകം ചാര്‍ത്തിയും മാലയും പൊന്നാടയുമണിയിച്ചും സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്മാന് സ്വാമി അമൃത സ്വരൂപാനന്ദപുരിയും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് മാതാ അമൃതാനന്ദമയിയുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിക്കൊപ്പമെത്തിയിരുന്നു. ആശ്രമത്തിലെ കാളീക്ഷേത്രത്തിലും ദര്‍ശനം നടത്തി. ആശ്രമത്തില്‍ മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കാനെത്തിയിരുന്ന മെക്സിക്കോയില്‍ നിന്നുള്ള ആറ് എം.പിമാരെയും ദ്രൗപദി മുര്‍മു കണ്ടു. ആശ്രമത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി അമൃത സര്‍വകലാശാല പ്രൊവസ്റ്റ് ഡോ. മനീഷ വി.രമേഷിനോട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് 10.10ന് രാഷ്ട്രപതി അമൃതപുരിയില്‍ നിന്ന് മടങ്ങി