രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള വാക്‌പോര് തുടരുന്നതിനിടെ 2020ല്‍ അന്നത്തെ ഉപമുഖ്യമന്ത്രി സച്ചിന്‍ കലാപമുയര്‍ത്തിയപ്പോള്‍ സര്‍ക്കാരിനെ രക്ഷിച്ചത് വസുന്ധര രാജെ അടക്കം മൂന്ന് ബി.ജെ.പി നേതാക്കളെന്ന പ്രസ്താവനയില്‍ നിന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് മലക്കംമറിഞ്ഞു.
വസുന്ധര രാജെയുടെ സഹായം തേടിയിട്ടില്ലെന്ന് ഗെലോട്ട് പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ആകെ 15ല്‍ താഴെ തവണ മാത്രമാണ് വസുന്ധര രാജെയുമായി സംസാരിച്ചിട്ടുളളത്. പരാമര്‍ശം തെറ്രായി വ്യാഖ്യാനിക്കപ്പെട്ടതാണ്. തന്റെ ജോലി മുടക്കാന്‍ കരാറെടുത്തിരിക്കുന്ന വസുന്ധര രാജെയുടെ സുഹൃത്തായി എപ്പോഴെങ്കിലും മാറാന്‍ കഴിയുമോയെന്നും ഗെലോട്ട് ചോദിച്ചു.
ഗെലോട്ടും വസുന്ധര രാജെയും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ധാരണയുണ്ടായിരുന്നതായി കരുതുന്നില്ലെന്നായിരുന്നു ഇതിന് സച്ചിന്റെ മറുപടി. എന്നാല്‍, മുന്‍പത്തെ ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതികളില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിപക്ഷത്തിന് അങ്ങനെ അവകാശപ്പെടാന്‍ കഴിയുമെന്ന് സച്ചിന്‍ ഒളിയമ്പ് എയ്തു.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിത്തന്നെ തുടരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനില്‍ മുന്‍നിര നേതാക്കളുടെ പോര് ദേശീയ നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്.
അതേസമയം, അഴിമതിക്കെതിരെ സച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജന്‍ സംഘര്‍ഷ് യാത്ര ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കം അന്വേഷിക്കണമെന്നാണ് സച്ചിന്റെ ആവശ്യം. കര്‍ണാടകയില്‍ അഴിമതിക്കെതിരെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് പാഠമാകണമെന്നും സച്ചിന്‍ പറയുന്നു.
രാജസ്ഥാന്റെ ചുമതലയുളള എ.ഐ.സി.സി നേതാവ് സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ പദയാത്രയും നേതാക്കള്‍ തമ്മിലുളള വാക്‌പോരും നിരീക്ഷിച്ചു വരികയാണ്. കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ റിപ്പോര്‍ട്ട് നല്‍കും.
രാജസ്ഥാനിലെ ധോല്‍പൂരില്‍ മേയ് ഏഴിന് സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റിനെയും ബി.ജെ.പിയെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ബി.ജെ.പി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ, മുന്‍ സ്പീക്കര്‍ കൈലാഷ് മേഘ്വാള്‍, എം.എല്‍.എയായ ശോഭാറാണി മേഘ്വാള്‍ എന്നിവരാണ് രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് തന്റെ സര്‍ക്കാരിനെ രക്ഷിച്ചതെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞത്.