താലൂക്കുതല അദാലത്തിനിടെ 2500 രൂപ കൈക്കൂലി വാങ്ങിയ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി വി.സുരേഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇയാളുടെ മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് 1.06 കോടിയുടെ സമ്പാദ്യം കണ്ടെത്തി.
ഇതില്‍ 35 ലക്ഷം രൂപയും 45 ലക്ഷത്തിന്റെ ബാങ്ക് സ്ഥിരനിക്ഷേപവും 25 ലക്ഷത്തിന്റെ സേവിംഗ്സ് നിക്ഷേപവും 17 കിലോ നാണയങ്ങളും ഉള്‍പ്പെടുന്നതായി പരിശോധനയ്ക്ക് നേതൃത്വം നല്കിയ വിജിലന്‍സ് ഡിവൈ.എസ്.പി ഷംസുദ്ദീന് അറിയിച്ചു. സംസ്ഥാനത്ത് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.വിജിലന്‍സ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. ചിറയിന്‍കീഴിലെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി
സുരേഷ് കുമാറിനെതിരെ വിജിലന്‍സ് ആസ്ഥാനത്ത് രഹസ്യ വിവരവും പരാതിയും ലഭിച്ചിരുന്നു. ഇന്നലെ മണ്ണാര്‍ക്കാട്ടെ അദാലത്തില്‍ വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് കൈക്കൂലി വാങ്ങിയത്. മഞ്ചേരി സ്വദേശി 45 ഏക്കര്‍ സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ ഫയല്‍ സുരേഷിന്റെ കൈവശമാണെന്ന് അറിഞ്ഞ് ഫോണില്‍ വിളിച്ചപ്പോള്‍ 2500 രൂപ കൈക്കൂലി ചോദിച്ചു.
തുക അദാലത്ത് നടക്കുന്ന സ്ഥലത്തെത്തിക്കാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന് വിജിലന്‍സിനെ അറിയിച്ചു. അദാലത്ത് സ്ഥലത്ത് സുരേഷിന്റെ കാറില്‍ വച്ച് കൈക്കൂലി വാങ്ങുമ്പോഴാണ് പിടിവീണത്.ഇതേ വസ്തുവിന്റെ പേരില്‍ മുമ്പും സുരേഷ്കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നു. വസ്തു എല്‍.എ പട്ടയത്തില്‍ പെട്ടതല്ലെന്ന സര്‍ട്ടിഫിക്കറ്റിന് ആറുമാസം മുമ്പ് 10,000 രൂപയും പോസഷന്‍ സര്‍ട്ടിഫിക്കറ്റിന് അഞ്ചുമാസം മുമ്പ് 9,000 രൂപയും ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കിയപ്പോള് 500 രൂപയും വാങ്ങി.
പരിശോധനയില്‍ ഇന്‍സ്പെക്ടര്‍മാരായ ഫിലിപ്പ്, ഫറോഖ്, എസ്.ഐമാരായ സുരേന്ദ്രന്, മനോജ്, പൊലീസുകാരായ മനോജ്, സതീഷ്, സനേഷ്, സന്തോഷ്, ബാലകൃഷ്ണന്, മനോജ്, ഉവൈസ്, മണ്ണാര്‍ക്കാട് സി.ഐ ബോബിന് മാത്യു എന്നിവരും പങ്കെടുത്തു.