തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്.ബിന്ദു 30,500 രൂപയുടെ കണ്ണട വാങ്ങിയതിന്റെ തുക ഖജനാവില്‍ നിന്ന് എഴുതിയെടുത്ത വാര്‍ത്ത വലിയ വിവാദമായതിന് പിന്നാലെ പല്ലുവേദനക്ക് ചികിത്സ തേടിയതിന്റെ പേരില്‍ 11,290 രൂപ വാങ്ങിയതിന്റെ രേഖകള്‍ പുറത്തു സാമ്പത്തിക പ്രതിസന്ധി മൂലം പെന്ഷന് കിട്ടാത്ത പാവപ്പെട്ട രണ്ട് വൃദ്ധ സ്ത്രീകള്‍ ഭിക്ഷയെടുക്കുന്ന വാര്‍ത്തയും ദൃശ്യങ്ങളും പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേളയിലാണ് കണ്ണടക്ക് പിന്നാലെ പല്ല് വേദനക്കും മന്ത്രി ബിന്ദു സര്‍ക്കാരില്‍ നിന്ന് തുക പറ്റിയെന്ന ഉത്തരവ് പുറത്തു വരുന്നത്.
പല്ലുവേദനയുടെ ചികില്‍സക്ക് ചിലവായ 11,290 രൂപ മന്ത്രിക്ക് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഒടുവില്‍ പുറത്തുവന്നത്. ഇരിഞ്ഞാലക്കുട പ്രാസി സെന്റല്‍ ക്ലിനിക്കില്‍ ആയിരുന്നു മന്ത്രിയുടെ ദന്ത ചികില്‍സ.സാമ്പത്തിക പ്രതിസന്ധി കാലത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടേയും എല്ലാ ചെലവുകളും ജനങ്ങളുടെ കീശയില്‍ നിന്ന് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. 1.22 കോടിയുടെ ആസ്തിയാണ് ഡോ.ആര് ബിന്ദു തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷേ, മന്ത്രിയുടെയും നിയമസഭാംഗങ്ങളുടേയും ജീവിത ചെലവുകള്‍ മുഴുവന്‍ ജനങ്ങളുടെ തലയിലാണെന്നതാണ് അവസ്ഥ.
മന്ത്രി ബിന്ദു 30,500 രൂപയുടെ കണ്ണട വാങ്ങിയെന്ന് പറഞ്ഞ് പ്രതിപക്ഷ അനുഭാവികള്‍ സമൂഹമാധ്യമങ്ങളില്‍ ചന്ദ്രഹാസമിളക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എംഎല്‍എമാരും വില കൂടിയ കണ്ണടകള്‍ വാങ്ങിയതിന്റെ കണക്കുകളും പുറത്തുവന്നത്. എല്‍ദോസ് കുന്നപ്പള്ളി 35842, ടി.ജെ. വിനോദ് 31600, മഞ്ഞളാംകുഴി അലി 29400, ആബിദ് ഹുസൈന് തങ്ങള്‍ 26800, ഡോ. മാത്യൂ കുഴല്‍ നാടന്‍ 27700, പി. ഉബൈദുള്ള 25950, സണ്ണി ജോസഫ് 23500 എന്നിങ്ങനെയുള്ള തുകകളാണ് ലീഗ് കോണ്‍ഗ്രസ് സാമാജികര്‍ വാങ്ങി എടുത്തത്. വില കൂടിയ കണ്ണടയുടെ കാശ് വാങ്ങുന്നതില്‍ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ക്ഷേമ പെന്ഷന് പോലും കൊടുക്കാന്‍ പണമില്ലാതെ പൂച്ച പെറ്റു കിടക്കുന്ന ഖജനാവില്‍ നിന്ന് കണ്ണടക്കും പല്ല് വേദനക്കും ചെലവായ തുക വേണമെന്ന മന്ത്രിമാരും എംഎല്‍എമാരുടേയും ശാഠ്യങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല എന്നതാണ് പരമാര്‍ത്ഥം.ദന്ത ചികില്‍സക്ക് ചെലവായ തുക നല്‍കണമെന്ന് 2022 ജനുവരി 11 ന് മന്ത്രി ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്കി. 2022 ജൂലൈ 14 ന് ചികില്‍സ ചെലവ് അനുവദിച്ച് പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി. സാമ്പത്തിക പ്രതിസന്ധി കാലത്ത് 30,500 രൂപയുടെ കണ്ണട വാങ്ങിയത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ല എന്നായിരുന്നു മന്ത്രി ബിന്ദുവിന്റെ മറുപടി. താന്‍ മാത്രമല്ല പ്രതി പക്ഷ എംഎല്‍എമാരും കണ്ണടയുടെ തുക വാങ്ങിയിട്ടുണ്ടെന്നും ഡോ. ബിന്ദു തന്നെ വെളുപ്പെടുത്തിയിരുന്നു.