ഓണക്കാലത്ത് പോലീസിന്റെ പോല്‍-ആപ്പ് വഴി സുരക്ഷ ഉറപ്പാക്കിയത് 1329 പേര്‍

തിരുവനന്തപുരം :ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവര്‍ അക്കാര്യം പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കണമെന്ന നിര്‍ദ്ദേശത്തിന് മികച്ച പ്രതികരണം.

സെപ്റ്റംബര്‍ അഞ്ച് മുതല്‍ 13 വരെയുളള കാലയളവില്‍ 1329 പേരാണ് സംസ്ഥാനത്ത് പോലീസിന്റെ മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് വഴി തങ്ങള്‍ വീടുപൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 317 പേര്‍ ഈ സേവനം വിനിയോഗിച്ചു. എറണാകുളം ജില്ലയില്‍ 164 പേരും തൃശൂരില്‍ 131 പേരും തങ്ങള്‍ വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയുണ്ടായി. കോഴിക്കോട് 129 പേരും കൊല്ലത്ത് 89 പേരും കണ്ണൂരില്‍ 87 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.

ഓണാവധി കഴിഞ്ഞെങ്കിലും വീടുപൂട്ടി യാത്രപോകുന്നവര്‍ക്ക് ആ വിവരം പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കാന്‍ തുടര്‍ന്നും സൗകര്യമുണ്ടാകും. ഇതിനായി പോല്‍-ആപ്പ് എന്ന മൊബൈല്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷമാണ് ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടത്. പൂട്ടിക്കിടക്കുന്ന വീടിന് സമീപം അധിക സുരക്ഷ ഒരുക്കാനും പട്രോളിംഗ് ശക്തിപ്പെടുത്താനും ഇതുവഴി സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *