ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് 140 കോടിയുടെ അഴിമതി:ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം:ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് 140 കോടിയുടെ അഴിമതിന്ന്ചെറിയാന് ഫിലിപ്പ് കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് കാലഹരണപ്പെട്ട ഗുണമേന്മയില്ലാത്ത ഇലക്ടോണിക്ക് സാധന സാമഗ്രികള്‍ വാങ്ങിയതില്‍ ഏകദേശം 140 കോടിയിലധികം രൂപയുടെ അഴിമതിയുണ്ട്.ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 730 കോടി രൂപയാണ് വിനിയോഗിച്ചത്. 4752 സ്കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസുമുറികള്‍ ഹൈടെക് ആക്കാന്‍ 493.5 കോടി രൂപ മുടക്കി. 11257 പ്രൈമറി സ്ക്കൂളുകളിലെ ഹൈടെക് ലാബുകള്‍ക്കും അനുബന്ധ സംരംഭങ്ങള്‍ക്കും 237 കോടി രൂപ ചെലവഴിച്ചു.
കിഫ്ബിയില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ കമ്പനിയായ കൈറ്റ് മുഖേന വിവിധ ഉപകരണങ്ങള്‍ വാങ്ങിയത്. തായ് വാന്‍ ആസ്ഥാനമായ ഏസര്‍ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ലോകവിപണിയില്‍ ചെലവാകാതെ കെട്ടിക്കിടന്ന പഴയ മോഡല്‍ ഉല്പന്നങ്ങളാണ് കേരളത്തിലിറക്കിയത്. സര്‍ക്കാരിന്റെ പര്‍ച്ചേസ് ചട്ടങ്ങള്‍ പാലിക്കാതെ മാനദണ്ഡ രഹിതമായാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. അന്നത്തെ കമ്പോള വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് സാധന സാമഗ്രികള്‍ വാങ്ങിയത്.ലാപ്പ്ടോപ്പ് കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, സ്ക്രീന്‍, യു.എസ്.ബി സ്പീക്കര്‍, ടെലിവിഷന്‍, ക്യാമറ തുടങ്ങിയവയാണ് സ്കൂളുകള്‍ക്ക് നല്‍കിയത്. ഇവയില്‍ മിക്കവയും ഉപയോഗശൂന്യമാണ്. വാറണ്ടി കാലാവധി തീര്‍ന്നതിനാല്‍ കേടായവ നന്നാക്കാനാവുന്നില്ല. സ്പെയര്‍ പാര്‍ട്ടുകളും ലഭ്യമല്ല.
എല്‍.ഇ.ഡി പ്രൊജക്ടറും എല്‍.ഇ.ഡി സ്ക്രീനും സാര്‍വത്രികമായ ശേഷമാണ് വില്പന നിന്നു പോയ പ്രൊജക്ടറും സ്ക്രീനും വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാലഹരണപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കണ്ടം ചെയ്ത ഉപകരണങ്ങള്‍ മിക്ക സ്കൂളുകളിലും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഡിജിറ്റല്‍ വിദ്യാഭ്യാസ പാഠ്യഭാഗങ്ങള്‍ അടങ്ങിയ സമഗ്ര പോര്‍ട്ടല്‍ അപൂര്‍ണ്ണവും വികലവുമാണ്.
പുതിയ സമ്പ്രദായ പ്രകാരം പഠിപ്പിക്കുന്നതിന് അദ്ധ്യാപകര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കിയിട്ടില്ല. ബി.എസ്.എന്‍.എല്‍ കണക്ഷന് സ്കൂളുകളില്‍ നിര്‍ത്തലാക്കിയതോടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാതായി. പകരം വന്ന കെ. ഫോണ്‍ മിക്കയിടത്തും പ്രാവര്‍ത്തികമായിട്ടില്ല.
പ്രമാദമായ ഈ അഴിമതിയുടെ കറുത്ത കരങ്ങള്‍ ഏതൊക്കെയെന്ന് താമസിയാതെ തെളിവുകള്‍ സഹിതം പുറത്തുവരും. (ഫേസ് ബുക്ക് പോസ്റ്റ്)