ദുബായ് ദേരയിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ മലയാളി ദമ്പതികളടക്കം 16 മരണം

മലപ്പുറം വേങ്ങര കാളങ്ങാടന്‍ റിജേഷ്(38), ഭാര്യ കണ്ടമംഗലത്ത് ജിഷി(32) എന്നിവരാണു മരിച്ച മലയാളികള്‍. നാല് ഇന്ത്യക്കാരും 10 പാകിസ്താനികളും രണ്ട് ആഫ്രിക്കന്‍ പൗരന്മാരുമാണു മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ രണ്ട് പേര് തമിഴ്നാട് സ്വദേശികളാണെന്നാണു വിവരം.
ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ദുബായിലെ ഏറ്റവും തിരക്കേറിയ മാര്‍ക്കറ്റായ ദേര ഫിര്‍ജ് മുറാറിലെ ബില്‍ഡിങ്ങിലാണു തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു. റിജേഷും ജിഷിയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിവരെ തീയെത്തി.
പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചു. ദുബായിലെ ട്രാവല്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് റിജേഷ്. ഖിസൈസ് ക്രസന്റ് സ്കൂള്‍ അദ്ധ്യാപികയാണു ജിഷി. വേങ്ങര സ്വദേശികളായ ചേറൂര് അടിവാരം കാളങ്ങാടന്‍ ചന്തു-രുഗ്മിണി ദമ്പതികളുടെ മകനാണു റിജേഷ്. അജേഷ്, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്. കിഴ്ശ്ശേരി തൃപ്പനച്ചി കണ്ടമംഗലത്ത് കൃഷ്ണന്-സൗമിനി ദമ്പതികളുടെ മകളാണു ജിഷി. മനോജ്, ഷൈജു എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിവിധ സംഘടനകള്‍ ശ്രമം നടത്തിവരികയാണ്.
അഗ്നിബാധയുണ്ടായതായി പ്രാദേശിക സമയം ഉച്ചയ്ക്ക് 12.45നാണ് സിവില്‍ ഡിഫന്‍സ് ഓപ്പറേഷന് റൂമില്‍ വിവരം ലഭിച്ചത്. അഗ്നിശമന സേന ആറ് മിനിറ്റിനകം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആളുകളെ കെട്ടിടത്തില്‍നിന്നും ഒഴിപ്പിക്കാനും തുടങ്ങി.
2.42നു തീ നിയന്ത്രണവിധേയമായി. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് തീപിടിത്തത്തിന് കാരണമെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി വിവരമുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും.