സംശയം തോന്നി 2145 പേരെ പരിശോധിച്ചു, കേരള പൊലീസ് ഒറ്റ ദിവസംകൊണ്ട് അകത്താക്കിയത് 163 പേരെ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2145 പേരെ പരിശോധനയ്ക്ക് വിധേയമാക്കി പൊലീസ്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 154 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 163 പേരാണ് അറസ്റ്റിലായത്.

ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (238.803 ഗ്രാം), കഞ്ചാവ് ( 8.656 കി.ഗ്രാം), കഞ്ചാവ് ബീഡി ( 108 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 02 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *