മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി 22 മരണം; മരിച്ചവരില്‍ 6 കുട്ടികള്‍

താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 9 പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേര്‍ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേര് ചികിത്സയിലാണ്. ഇതില്‍ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോട്ടില്‍ 40 ലേറെ പേര് ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു.
പരപ്പനങ്ങാടിതാനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ തുടരുന്നു. എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. നേവിയും എത്തി. കോസ്റ്റ്ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കുട്ടികള്‍ ഉള്‍പ്പെടാതെ 39 പേര്‍ക്ക് ടിക്കറ്റ് നല്‍കിയെന്നാണ് സൂചന.
ബോട്ടുടമ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദര്‍ശിക്കും. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.