തിരുവനന്തപുരം : പഴ്സനല്‍ സ്റ്റാഫില്‍ നേരിട്ടുള്ള നിയമനം 15ല്‍ ഒതുക്കണമെന്ന് എല്‍ഡിഎഫ് നിര്‍ദേശമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫില്‍ 22 പേരെയാണു നേരിട്ടു നിയമിച്ചിരിക്കുന്നത്. 20 പേര്‍ക്കു രാഷ്ട്രീയ നിയമനം നല്കിയ ചീഫ് വിപ്പ് എന്‍.ജയരാജാണു മുഖ്യമന്ത്രി കഴിഞ്ഞാല്‍ രണ്ടാമത്. മന്ത്രിമാരില്‍ മുന്നണി നിര്‍ദേശം പാലിച്ചതു പി.രാജീവ്, എ.കെ.ശശീന്ദ്രന് എന്നിവര്‍ മാത്രം. മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ പരമാവധി 30 പേരെ നിയമിക്കാനാണു സര്‍ക്കാര്‍ ഉത്തരവെങ്കിലും 25 മതിയെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ 33 പേരുണ്ട്. മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, കെ.രാജന്, കെ.കൃഷ്ണന്‍കുട്ടി, എ.കെ.ശശീന്ദ്രന്, സജി ചെറിയാന്, ചീഫ് വിപ്പ് എന്‍.ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവര്‍ 25 പേരെ നിയമിച്ചപ്പോള്‍ മറ്റു കാബിനറ്റ് റാങ്കുകാര്‍ എണ്ണം കുറച്ചു. 22 പഴ്സനല്‍ സ്റ്റാഫിനെ മാത്രമാണ് ആര്.ബിന്ദു നിയമിച്ചത്.
സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചവരെ ഏറ്റവുമധികം പഴ്സനല്‍ സ്റ്റാഫില്‍ നിയമിച്ചിരിക്കുന്നതു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്6, കെ.കൃഷ്ണന്‍കുട്ടി (5), മുഖ്യമന്ത്രി പിണറായി വിജയന് (4), എ.കെ.ശശീന്ദ്രന് (4) എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. ഇവര്‍ക്കു പ്രത്യേക പെന്ഷന് നല്‍കേണ്ടതില്ല.
അതേസമയം, കാബിനറ്റ് റാങ്കുകാരുടെ പഴ്സനല്‍ സ്റ്റാഫില്‍ നിയമിക്കപ്പെട്ടശേഷം പാര്‍ട്ടി നേതാക്കള്‍ക്കു സേവനം നല്കുന്ന പ്രവണതയുമുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറ്റന്‍ഡന്റ് തസ്തികയില്‍ 2300050200 രൂപ ശമ്പളത്തില്‍ നിയമിക്കപ്പെട്ടയാള്‍ കെപിസിസി പ്രസിഡന്റിന്റെ പിഎ ആയാണു പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ, പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫില്‍ അഡീഷനല്‍ പിഎ തസ്തികയില്‍ അടുത്തിടെ നടത്തിയ നിയമനം പുതിയ തസ്തിക സൃഷ്ടിച്ചല്ലെന്നും ഡപ്യൂട്ടേഷനില്‍ വന്നയാള്‍ വിരമിച്ചപ്പോള്‍ പകരം നിയമനം നടത്തിയതാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് വിശദീകരിച്ചു