പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വിവാദമായതോടെ 3 മന്ത്രിമാര്‍ പുറത്ത്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ചശേഷമാണു മാലദ്വീപ് സര്‍ക്കാര്‍ മൂന്നു പേര്‍ക്കെതിരെയും നടപടിയെടുത്തത്.
എന്താണ് സംഭവിച്ചത്
ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി അവിടേക്കു സന്ദര്‍ശകരെ ക്ഷണിച്ച് പ്രധാനമന്ത്രി കഴിഞ്ഞ വ്യാഴാഴ്ച എക്‌സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റിട്ടിരുന്നു. ഇതു മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചു. കൂടുതല്‍ ഗുരുതര പദപ്രയോഗങ്ങള്‍ മന്ത്രി മറിയം ഷിയുനയുടേതായിരുന്നു. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നുമുള്ള പരാമര്‍ശങ്ങള്‍ അവര്‍ പിന്നീട് പിന്‍വലിച്ചു.മന്ത്രി ഉപയോഗിച്ച ഭാഷ ചൂണ്ടിക്കാട്ടിയും സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞും മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടിക്കു തയാറായത്. മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിന്റേതുള്‍പ്പെടെ പല ഔദ്യോഗിക വെബ്‌സൈറ്റുകളും ഇന്ത്യയില്‍ ലഭ്യമല്ലാതായി. മന്ത്രി അബ്ദുല്ല മഹ്‌സും മജീദ് തന്റെ ‘എക്‌സ്’ അക്കൗണ്ട് മരവിപ്പിച്ചു.
സമൂഹമാധ്യമ പ്രതിഷേധം
മറിയം ഷിയുനയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ‘മാലദ്വീപിനെ ബഹിഷ്‌കരിക്കൂ, ഇന്ത്യന്‍ ദ്വീപുകളെ കൂടുതലറിയൂ’ ആഹ്വാനത്തോടെ ഇന്ത്യയില്‍ സമൂഹമാധ്യമ പ്രചാരണമുയര്‍ന്നു. ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് കായികതാരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്‌ന, വെങ്കിടേഷ് പ്രസാദ്, സിനിമാ താരങ്ങളായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയവര്‍ രംഗത്തുവന്നു. മാലദ്വീപിലെ ഹോട്ടല്‍ ബുക്കിങ്ങും അവിടേക്കുള്ള വിമാനയാത്രയും കൂട്ടത്തോടെ റദ്ദാക്കിയതിന്റെ കണക്കുമായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും സ്ഥിരീകരണമില്ല. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളില്‍ ഒന്നാമത് ഇന്ത്യക്കാരാണ്.
നീറിപ്പുകഞ്ഞ്. പൊട്ടിത്തെറിച്ചു
മാലദ്വീപിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണു പുതിയ വിവാദം. ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുര്‍ക്കിയും പിന്നീട് യുഎഇയും സന്ദര്‍ശിച്ച അദ്ദേഹം ഇന്നു ചൈനയിലേക്കു പുറപ്പെടുകയാണ്.