എക്സാലോജിക്കിന് 77.58 ലക്ഷം വായ്പ: അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ്

തിരുവനന്തപുരം : കരിമണൽ കമ്പനി സിഎംആർഎലിന്റെ എംഡി ശശിധരൻ കർത്തയും ഭാര്യയും പ്രമോട്ടർമാരായിരുന്ന മറ്റൊരു കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾക്കു നൽകിയ വായ്പയിലും അന്വേഷണമാവശ്യപ്പെട്ടു ഷോൺ ജോർജ് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തെ സമീപിച്ചു. എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിച്ചിരുന്നതും പിന്നീട് പേരുമാറ്റി പ്രവർത്തനം അവസാനിപ്പിച്ചതുമായ കമ്പനിയിൽ നിന്ന് 77.58 ലക്ഷം രൂപ വായ്പ നൽകിയതിനെതിരെയാണു പരാതി. ഈ സാമ്പത്തിക ഇടപാടും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷിക്കണമെന്നാണാവശ്യം.
എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയിൽ നിന്ന് 2015–16 മുതൽ 2018–19 വരെ വീണയുടെ എക്സാലോജിക് കമ്പനി വായ്പകൾ കൈപ്പറ്റിയിരുന്നുവെന്നതിനുള്ള വാർഷിക ധനകാര്യ റിപ്പോർട്ട് പരാതിക്കൊപ്പം ഷോൺ ഹാജരാക്കി. എന്നാൽ വായ്പ തിരിച്ചടച്ചതായി ആർഒസിക്കു നൽകിയ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിട്ടില്ലെന്നു പരാതിയിൽ പറയുന്നു. എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് കമ്പനി 2022ൽ പേരു മാറ്റുകയും ആർബിഐയ്ക്ക് അപേക്ഷ നൽകി പ്രവർത്തനം നിർത്തുകയും ചെയ്തു. മുഖ്യമന്ത്രി എക്സാലോജിക്കിനെ ഉപയോഗിച്ച് ഇത്തരം പല കമ്പനികളിൽ നിന്നായി പണം കൈപ്പറ്റി അഴിമതി നടത്തിയെന്ന ആരോപണമാണു പരാതിയിൽ ഷോൺ ഉന്നയിച്ചിരിക്കുന്നത്.
എക്സാലോജിക് കമ്പനിയുമായി ഐടി, മാനേജ്മെന്റ് സേവനത്തിനുള്ള കരാറുണ്ടായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് 1.72 കോടി രൂപ നൽകിയതെന്നും സിഎംആർഎൽ റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണത്തിൽ മൊഴി നൽകിയിരുന്നു. ഇതും കളവാണെന്നു ഷോണിന്റെ പരാതിയിൽ പറയുന്നു. എക്സാലോജിക് കമ്പനിയുടെ 100% വരുമാനവും സോഫ്റ്റ്‍വെയർ ഉൽപന്നത്തിന്റെ നിർമാണവും വിൽപനയും വഴി മാത്രമാണെന്നു കമ്പനി ഫിനാൻഷ്യൽ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സോഫ്റ്റ് വെയർ മെയിന്റനൻസ് ബിസിനസിൽ ഏർപ്പെട്ടതായോ, അതുവഴി വരുമാനം ലഭിച്ചതായോ റിപ്പോർട്ടിൽ ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എക്സാലോജിക്–സിഎംആർഎൽ ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടു ഷോൺ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഇന്നലെ പുതിയ പരാതി കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു നൽകിയത്.