മുതലപ്പൊഴി ഇതുവരെ പൊലിഞ്ഞത് 78 ജീവനുകള്‍

തിരുവനന്തപുരം: മുതലപ്പൊഴി ഹാര്‍ബര്‍ മരണമുമ്പായിട്ടും നടപടികളെടുക്കാരെ അധികൃതരുടെ ഒളിച്ചുകളി. കഴിഞ്ഞ ദിവസവും അഞ്ച് ബോട്ടുകള്‍ അപകടത്തില്‍ പെട്ടതു മേഖലയിലാകെ ഭീതി പരത്തി. 2 ബോട്ടുകള്‍ പൂര്‍ണമായി തകരുകയും മൂന്നെണ്ണത്തിനു ഭാഗികമായി നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. വൈകിട്ടു രണ്ടര മണിക്കൂറുകള്ക്കിടയിലാണു അപകടങ്ങള്‍ തുടര്‍ച്ചയായി നടന്നത്. മത്സ്യബന്ധനോപകരണങ്ങളും എന്‍ജിനുകളും കാണാതായ വകയില്‍ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി. മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണു വന്‍ ദുരന്തം ഒഴിവായത്.
മുതലപ്പൊഴി തുറമുഖതീരം അപകടമുനമ്പായി മാറി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടി കൈക്കൊള്ളാന്‍ വൈകുന്നതില്‍ നാട്ടുകാരും മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്. നേരത്തെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം സമരപരിപാടികള്‍ നടത്തുകയും മന്ത്രിയുള്‍പ്പടെയുള്ളവരെ തടയുന്ന സ്ഥിതിയും ഉണ്ടായി. കേന്ദ്ര ഫിഷറീസ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ വേണ്ടതൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തുറമുഖ മുനമ്പിലെ ആഴക്കുറവും ശക്തമായ തിരമാലയില്‍ രൂപപ്പെടുന്ന മണല്തിട്ടകളുമാണു ബോട്ടുകള്‍ക്കു വില്ലനാകുന്നത്. ബോട്ടുകള്‍ക്കു പുറംകടലിലേക്കു അനായാസം പോകുന്നതിനും തിരികെ കരയിലണയുന്നതിനും അഴിമുഖം ഭാഗത്തു 4 മീറ്റിലേറെ ആഴം വേണമെന്നിരിക്കേ നിലവില്‍ 2 മീറ്ററില്‍ താഴെ മാത്രമാണുള്ളത്. ഇതു കൂടാതെയാണു അപകടകരമായ രീതിയില്‍ മണല്‍തിട്ടകള്‍ അഴിമുഖത്തൊട്ടാകെ രൂപപ്പെട്ടിട്ടുള്ളത്.
ഡ്രജറുപയോഗിച്ചു മണല്‍നീക്കം ശക്തമാക്കണമെന്ന ആവശ്യം നടന്നിട്ടില്ല. പ്രതിഷേധം കനക്കുമ്പോള്‍ മാത്രം മണ്ണുമാന്തി ഉപയോഗിച്ചു ഇടയ്ക്കിടെ മണല്‍ നീക്കുകയാണു രീതി. കാലാവസ്ഥ പ്രതികൂലമാണെന്ന് കാരണം പറഞ്ഞ് ഇപ്പോള്‍ അതും നിര്‍ത്തിയിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയില്‍ ഇതുവരെ പൊലിഞ്ഞത് 78 ജീവനുകളാണ്.