കേരളത്തിൽ 79.63% പോളിംഗ്; മുന്നേറ്റവുമായി സ്ത്രീകൾ, അന്തിമ കണക്കിൽ മാറ്റം വന്നേക്കാം

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇ.വി.എം, തപാൽ, ഹോം വോട്ടുകൾ ഉൾപ്പെടെ ആകെ 79.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചു. പ്രിസൈഡിംഗ് ഓഫീസർമാർ നൽകിയ പ്രാഥമിക കണക്കാണിതെന്നും സർവീസ് വോട്ടുകൾ കൂടി ചേരുന്നതോടെ അന്തിമ കണക്കിൽ മാറ്റം വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സ്ത്രീകളാണ് വോട്ടിംഗിൽ മുന്നിട്ടുനിൽക്കുന്നത്. സ്ത്രീകളുടെ പോളിംഗ് ശതമാനം 81.19 രേഖപ്പെടുത്തിയപ്പോൾ പുരുഷന്മാരുടേത് 75.19 ശതമാനമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 56.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. തപാൽ വോട്ടുകളുടെ കണക്കിലും മികച്ച പങ്കാളിത്തമുണ്ട്. മുതിർന്ന പൗരന്മാർ 96.3 ശതമാനവും ഭിന്നശേഷിക്കാർ 97.71 ശതമാനവും വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ 96.37 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു.
പോളിംഗ് കണക്കുകൾ വൈകുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിനും രത്തൻ യു. കേൽക്കർ മറുപടി നൽകി. തപാൽ വോട്ടുകളുടെ കൃത്യത ഉറപ്പുവരുത്താൻ എടുത്ത മൂന്ന് ദിവസത്തെ സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായതെന്നും നടപടികളെല്ലാം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ട് ചെയ്യാനായില്ലെന്ന് പരാതിയുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാമെന്നും ആർ.ഒമാർക്ക് പരാതി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.