തിരുവനന്തപുരം: മോന്സന് മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിലിനെ നോര്‍ക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവര്‍ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
മോന്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തില്‍ അവസാന ദിവസമാന് എത്തിയത്. പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന് തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങള്‍ ചുറ്റും കൂടിയപ്പോള്‍ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു .
പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയില്‍. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോണ്സണ് മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പില്‍ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോണ്‍സന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോള്‍ സൗഹൃദത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേര്‍ത്തിട്ടില്ല.
കള്ളപ്പണ ഇടപാടില്‍ ഇഡിയുടെ അന്വേഷണ പരിധിയിലും അനിത പുല്ലയിലുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയില്‍ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവന്‍ സമയവും അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്. വ്യവസായികള്‍ക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു
കര്‍ശന നിയന്ത്രണമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ പാസിന് പുറമെ പേരു മുന്‍കൂട്ടി ചോദിച്ച് പ്രത്യേക പാസ് നല്‍കിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം. ഓപ്പണ്‍ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന് ചോദിച്ചാല്‍ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോര്‍ക്കക്ക് പറയാനുള്ളത്.