മലയാളത്തിന്റെ ആക്ഷന്‍ ഹീറോ
സുരേഷ് ഗോപിക്ക് ഇന്ന് 64-ാം പിറന്നാള്‍

ആക്ഷന്‍ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 64-ാം പിറന്നാള്‍
ആശംസകളുമായി താരങ്ങള്‍.അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്. രാജാവിന്റെ മകന്‍ (1986) എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിശ്വസ്ത കൂട്ടാളിയായ ‘കുമാര്‍’ എന്ന വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. അതിനു മുന്‍പ് 1965ല്‍ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അദ്ദേഹം അഭിനയിച്ചിരുന്നു. വില്ലന്‍ കഥാപാത്രങ്ങളുമായി കരിയറിന് തുടക്കമിട്ട അദ്ദേഹം പൊലീസ് വേഷങ്ങളില്‍ തുടര്‍ച്ചയായെത്തിയതോടെയാണ് ആരാധകര്‍ വര്‍ധിച്ചത്. കമ്മിഷണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന വേഷം സുരേഷ് ഗോപിയുടെ കരിയര്‍ മാറ്റിമറിച്ചു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1997ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്.
ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. സുരേഷ് ഗോപിയെ രാജ്യസഭാംഗമായി 2016 ല്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന 12 അംഗങ്ങളില്‍ കലാകാരന്മാരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് നിര്‍ദ്ദേശിച്ചത്.
ലേലം എന്ന സിനിമയിലെ സ്റ്റീഫന്‍ ചാക്കോച്ചി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വന്ന വാഴുന്നോര്‍, പത്രം എന്നീ സിനിമകളും മികച്ച വിജയമായിരുന്നു. 1997ല്‍ പുറത്തു വന്ന കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍, ഒഥല്ലോ എന്ന ഷേക്‌സ്പീരിയന്‍ കഥാപാത്രത്തിന്റെ മലയാളാവിഷ്‌കാരമായിരുന്നു. ജയരാജായിരുന്നു സംവിധായകന്‍.
കൊല്ലം ഇന്‍ഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഫാത്തിമ മാതാ നാഷണല്‍ കോളജിലുമായിരുന്നു സുരേഷ് ഗോപിയുടെ വിദ്യാഭ്യാസം. ജന്തുശാസ്ത്രത്തില്‍ ബിരുദമെടുത്ത സുരേഷ് ഗോപി, ഇംഗ്ലീഷ് ഭാഷയിലാണ് ബിരുദാനന്തരബിരുദം നേടിയത്. ആദ്യകാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി.

1990 മുതല്‍ 2000 വരെയുള്ള 10 വര്‍ഷം സുരേഷ് ഗോപിയുടെ സുവര്‍ണ കാലമായിരുന്നു. തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, കമ്മിഷണര്‍, ലേലം, പത്രം തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായതോടെ സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേയ്ക്ക് ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *