എ കെ ജി സെന്റര്‍ ആക്രമണം, പുതിയ വെളിപ്പെടുത്തലുമായി പോലീസ്

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണത്തില്‍ സി സി ടിവി ദൃശ്യത്തില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരന് അക്രമിയല്ലെന്നാണ് പോലീസ് കണ്ടെത്തല്‍.അക്രമണത്തിന് മുമ്പ് രണ്ടു തവണ ഈ സ്കൂട്ടര്‍ എ കെ ജി സെന്ററിന് മുന്നിലൂടെ പോയിട്ടുണ്ട്. ഇത് നഗരത്തില്‍ തട്ടുകട നടത്തുന്നയാളാണെന്നും തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. സി സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. എന്നാല്‍ മൂന്ന് ദിവസമായിട്ടും യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല.
സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പോലീസ് പരിശോധിച്ചുവരികയാണ്. സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് പോലീസ് പറഞ്ഞിരുന്നു. സ്ഫോടക വസ്തുവടങ്ങിയതെന്ന് സംശയിക്കുന്ന ഒരു കവര്‍ പ്രതിക്ക് മറ്റൊരാള്‍ കൈമാറുന്നത് ദൃശ്യങ്ങളില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സ്വദേശിയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
ശനിയാഴ്ച എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിച്ചു സച്ചുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കും അക്രമവുമായി ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തൽ. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കലാപാഹ്വാന വകുപ്പ് അടക്കമുളള ജാമ്യമില്ലാ വകുപ്പ് ഇയാള്‍ക്കെതിരെ ചുമത്തി കേസ്സെടുത്തിട്ടുണ്ട്.