സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുകയാണ്. ഇത് പരിഗണിച്ചു വിവിധ ജില്ലകളിൽ യഥാക്രമം ഓറഞ്ച്, യെല്ലോ അലെർട്ടുകളും പുറപ്പെടുവിച്ചിരിക്കുന്നു. ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലെർട്ടും വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലെർട്ടുമാണുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചയിടങ്ങളിലും പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം വടക്കൻ കേരളത്തിലെ ഇരുവഞ്ഞിപ്പുഴ (കോഴിക്കോട്), ചന്ദ്രഗിരി (കാസർഗോഡ്), ചാലിയാർ (മലപ്പുറം), പുല്ലൻതോട് (പാലക്കാട്), പയസ്വിനി (കാസർഗോഡ്), ചാലക്കുടി (തൃശൂർ), ഷിറിയ (കാസർഗോഡ്), പെരിയാർ (എറണാകുളം), കണ്ണാടിപ്പുഴ (പാലക്കാട്), കുറ്റ്യാടി (കോഴിക്കോട്), കോതമംഗലം (എറണാകുളം) എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നതായി കാണുന്നു. തെക്കൻ കേരളത്തിലെ നെയ്യാർ (തിരുവനന്തപുരം) നദിയിലെ ജലനിരപ്പും ഉയരുന്നതായി മുന്നറിയിപ്പിൽ പറയുന്നുണ്ട്.

ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളുടെയും കോഴിക്കോട് ജില്ലയിലെ കുറ്റിയാടി അണക്കെട്ടിന്റെയും പരിസരങ്ങളിൽ റെഡ് അലെർട്ട് നിലനിൽക്കുകയാണ്. തൃശൂരിലെ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ പരിസരങ്ങളിൽ ഓറഞ്ച് അലെർട്ടാണുള്ളത്.

ജലസേചനത്തിനായുള്ള മീങ്കര,മംഗലം അണക്കെട്ടുകളുടെ പരിസരങ്ങളിൽ ബ്ലൂ അലെർട്ടും ഉണ്ട്.

മലങ്കര (ഇടുക്കി), നെയ്യാർ (തിരുവനന്തപുരം), ശിരുവാണി (പാലക്കാട്), കുറ്റിയാടി (കോഴിക്കോട്), കല്ലട (കൊല്ലം), കാരാപ്പുഴ (വയനാട്), കാഞ്ഞിരപ്പുഴ (പാലക്കാട്), മീങ്കര (പാലക്കാട്), പീച്ചി (തൃശൂർ), മണിയാർ(പത്തനംതിട്ട), ഭൂതത്താൻകെട്ട് (എറണാകുളം), മംഗലം, മൂലത്തറ (പാലക്കാട്), പഴശ്ശി (കണ്ണൂർ) അണക്കെട്ടുകളിൽ നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണം.

ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ സേനയുടെ ഓരോ സംഘങ്ങളെ വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലായി സജ്ജമാക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും തയ്യാറാക്കി നിർത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *