റോഡുകളിലെ കുഴികള്‍ കൂടുതലും
ദേശീയപാതയില്‍: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളിലാണ് കുഴികൾ ഏറ്റവും കൂടുതലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

. സംസ്ഥാനത്ത് ജനിച്ച് കളിച്ചുവളരുകയും മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗവും പിന്നീട് കേന്ദ്രസഹ മന്ത്രിയുമായ ഒരാൾ ദിവസവും കേരളത്തിലെത്തി പത്രസമ്മേളനം നടത്തുന്നുണ്ട്. എന്നാൽ ആ പത്രസമ്മേളനങ്ങളെക്കാൾ കുഴി ദേശീയപാതയിലുണ്ടെന്നതാണ് വസ്തുത. ഈ വിഷയം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹരിക്കാനായി ഇടപെട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍റെ പേര് പരാമർശിക്കാതെ മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.

കേരളത്തിലെത്തുന്ന പല കേന്ദ്രമന്ത്രിമാരും ഉദ്ഘാടനം ഉറപ്പായ പദ്ധതികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തശേഷം തിരികെ പോകുന്നു. ആ കേന്ദ്രമന്ത്രിമാർ ഓരോരുത്തരും ദേശീയപാതയിലെ കുഴി എണ്ണാനും അടയ്ക്കാനും പ്രത്യേക ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലാണ് മന്ത്രി സംസാരിച്ചതെന്ന് ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. മന്ത്രി മുഹമ്മദ് റിയാസ് പ്രതിപക്ഷ നേതാവിനു നേരെയും ഒളിയന്പെയ്തു. താൻ പറഞ്ഞത് കേട്ട് പ്രകോപനം ഉണ്ടാകേണ്ടിയിരുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതാക്കൾക്കാണ്. എന്നാൽ ബിജെപിക്കാർ ആരും സഭയിൽ ഇല്ല. കേന്ദ്ര സർക്കാരിനുനേരേ പറയുന്പോൾ മറ്റാർക്കെങ്കിലും പ്രകോപനം ഉണ്ടായാൽ തനിക്ക് യാതൊന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.

കെ.ബാബു , എ.സി. മൊയ്തീൻ, കെ.ജെ. മാക്സി, എ. പ്രഭാകരൻ തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *