സോണിയാഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന ജൂലൈ 21ന്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ രാജ്‌ഭവന്‍ ഉപരോധിക്കും

തിരുവനന്തപുരം: എ.ഐ.സി.സി. പ്രസിഡന്റ്‌ സോണിയാഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന ജൂലൈ 21ന്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ രാജ്‌ഭവന്‍ ഉപരോധിക്കും. രാവിലെ 10.30ന്‌ മ്യൂസിയം ജംഗ്‌ഷനില്‍ നിന്നും പ്രകടനമായിട്ടാണ്‌ പ്രവര്‍ത്തകര്‍ രാജ്‌ഭവനിലേക്ക്‌ മാര്‍ച്ച്‌ നടത്തുന്നത്‌. കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.പിമാർ എം.എല്‍.എമാര്‍ കെ.പി.സി.സി നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു.

രാഷ്‌ട്രീയ വേട്ടയാടലിനെതിരെ നടക്കുന്ന കോണ്‍ഗ്രസ്സ്‌ രാജ്‌ഭവന്‍ മാര്‍ച്ച്‌ ജൂലൈ 21ന്‌രാജ്യവ്യാപകമായി എതിര്‍ ശബ്‌ദങ്ങളെ അടിച്ചമര്‍ത്തുന്ന മോദി ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളെ രാഷ്‌ട്രീയ ആയുധങ്ങളാക്കി, പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുകയാണെന്നും ഇല്ലാത്ത അഴിമതിയുടെ പേരില്‍ ആരോപണം ഉന്നയിക്കുകയും പിന്നീട്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തെ പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ അന്വേഷണ ഏജന്‍സികളെ കരുവാക്കി രാഹുല്‍ഗാന്ധിക്ക്‌ എതിരെയും ഇപ്പോള്‍ സോണിയ ഗാന്ധിക്ക്‌ എതിരെയും നടക്കുന്ന വേട്ടയാടല്‍ ബിജെ.പിയുടെ നീചമായ രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന്‌ ജില്ലാ കോണ്‍ഗ്രസ്സ്‌ നേതൃയോഗം കുറ്റപ്പെടുത്തി.

പാര്‍ലമെന്റ്‌ മന്ദിരത്തിനുള്ളില്‍ അഴിമതിയെ മറച്ചുപിടിക്കാന്‍ വാക്കുകളുടെ നിരോധനംകൊണ്ട്‌ കഴിയുമെന്ന്‌ കരുതുന്ന വിഡ്‌ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌ മോദിയും കൂട്ടരും. എന്നാല്‍ ഇന്ത്യയെന്ന പരമോന്നത ജനാധിപത്യ രാജ്യത്ത്‌, വാക്കുകള്‍ നിരോധിച്ചോ വായ മൂടിക്കെട്ടിയോ ഒരു പ്രതിഷേധത്തേയും ഇല്ലാതാക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല. പ്രതിഷേധം ജനങ്ങളുടെ അവകാശമാണ്‌. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ഏകാധിപത്യ പ്രവണതകള്‍ക്കു രാജ്യത്തെ സ്വതന്ത്ര അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയവത്‌കരിക്കുന്നതിനും എതിരെ ഡി.സി.സി യോഗം പ്രതിഷേധിച്ചു.

രാഷ്‌ട്രീയ വേട്ടയാടലിനെതിരെ നടക്കുന്ന രാജ്‌ഭവന്‍ ഉപരോധ സമരം വിജയിപ്പിക്കുവാന്‍ പ്രസിഡന്റ്‌ പാലോട്‌ രവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ജില്ലാ കോണ്‍ഗ്രസ്സ്‌ നേതൃയോഗം തീരുമാനിച്ചു. കെ.പി.സി.സി വൈസ്‌പ്രസിഡന്റ്‌ എന്‍.ശക്തന്‍, റ്റി.ശരത്‌ചന്ദ്രപ്രസാദ്‌, വി.പ്രതാപചന്ദ്രന്‍, ജി.എസ്‌.ബാബു, എം.എ.വാഹിദ്‌, പി.കെ.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *