നിയമസഭയില്‍ ഇന്ന്;
മന്ത്രി കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്, കെ.കൃഷ്ണന്‍കുട്ടി

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനത്തിനു വ്യത്യസ്തമായാണ് ഉത്തരവിറങ്ങിയത് : മന്ത്രി കെ.എന്‍.ബാലഗോപാല്‍
തിരുവനന്തപുരം : ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനത്തിനു വ്യത്യസ്തമായാണ് ഉത്തരവിറങ്ങിയതെന്നു മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വര്‍ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധം കൗണ്‍സിലില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി കത്തെഴുതും. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ശക്തമായ ശ്രമങ്ങള്‍ തുടരും. ലക്ഷ്വറി സാധനങ്ങളുടെ നികുതി മൂന്നിലൊന്നായി കുറയ്ക്കുകയും നിത്യോപയോഗ സാധനങ്ങളുടെ നികുതി കൂട്ടുകയുമാണു കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയ കാലത്ത് പ്രതീക്ഷിച്ചതു പോലുള്ള നികുതി വരുമാനം സംസ്ഥാനത്തിനുണ്ടായില്ല എന്നതു സത്യമാണ്. കേരളത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ സ്ഥിതിയുണ്ട്. കേരളത്തിലേക്കെത്തുന്ന ചരക്കുകളെ സംബന്ധിച്ച കണക്കുകള്‍ സോഫ്റ്റ്വെയര് വഴിയാണു ലഭിക്കേണ്ടത്. എന്നാല്‍ എല്ലാ കണക്കുകളും സോഫ്റ്റ്വെയര് വഴി ലഭിക്കുന്നില്ല. എന്നാല്‍ ഇവിടെ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കു സാധനങ്ങളയച്ചുവെന്ന പേരില്‍ വ്യാജബില്ലുണ്ടാക്കി ഇവിടെ നിന്നു നികുതി ഈടാക്കുന്ന സ്ഥിതിയുമുണ്ട്. ആറ് ലക്ഷം കോടിയുടെ സ്വര്‍ണമാണ് ഇന്ത്യയില്‍ ഔദ്യോഗികമായി ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 1.5 ലക്ഷം കോടിയുടെ സ്വര്‍ണം കേരളത്തിലേക്കുണ്ടാകുമെന്നാണു കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം കോടിയില്‍ താഴെയുള്ള സ്വര്‍ണത്തിന്റെ കണക്ക് മാത്രമേ രേഖയില്‍ കാണുന്നുള്ളൂ. എല്ലാം കണക്കും രേഖയില്‍ വരുന്നില്ല. സ്വര്‍ണം മാത്രമല്ല എല്ലാ സാധനങ്ങളുടെ വ്യാപാരത്തിലം ഈ സ്ഥിതിയുണ്ട്. ഇതു തടയുന്നതിനു വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധിക്കല്‍ മാത്രമല്ല എറ്റവും ആധുനികമായ രീതിയില്‍ പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ടെന്നും മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികള്‍ കേന്ദ്ര നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവ : മന്ത്രി വി.എന്‍.വാസവന്
തിരുവനന്തപുരം : മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികള്‍ കേന്ദ്ര നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയാണെന്നു മന്ത്രി വി.എന്‍.വാസവന്. സംസ്ഥാന സഹകരണവകുപ്പിന് ഇവരെ നിയന്ത്രിക്കാനാവില്ല. അതേ സമയം ഇവരെക്കുറിച്ച് ഉയരുന്ന പരാതികള്‍ കേന്ദ്രസര്‍ക്കാറിനു കൈമറിയിട്ടുണ്ട്. ടൂറിസം മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ ഇടപെടലുണ്ട്. ടൂര്‍ഫെഡ് വഴി ഇതു കൂടുതല്‍ വിപുലമാക്കും. സഹകരണ വകുപ്പില്‍ കായികതാരങ്ങള്‍ക്ക് നിയമനം നല്കല് ലക്ഷ്യമിട്ട് പ്രത്യേകം ടീം രൂപവത്കരിക്കുന്നതിനു സര്‍ക്കാര്‍ ഉദേശിക്കുന്നില്ല.
നബാര്‍ഡ് വഴിയുള്ള ആനുകൂല്യങ്ങള്‍ മലപ്പുറം ജില്ലയ്ക്കു നിഷേധിച്ചിട്ടില്ല. ആനുകൂല്യങ്ങളില്‍ നിന്നു ഒഴിവാക്കിയിട്ടുമില്ല. സഹകരണ സ്ഥാപനങ്ങള്‍ പലിശ മുതലില്‍ ചേര്‍ത്തു വായ്പ പുതുക്കുന്ന പ്രവണത കര്‍ശനമായി തടയും. ഓഡിറ്റില്‍ ലാഭം കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി ഡിവിഡന്റും സ്വന്തമാക്കുന്നു. ഇതു തടയാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി വാസവന് പറഞ്ഞു.
ഇലസ്ട്രിസിറ്റി മീറ്ററുകള്‍ പ്രീപെയ്ഡ് സംവിധാനത്തിലേയ്ക്കു മാറ്റും : മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം : 2025-ഓടെ സംസ്ഥാനത്തെ ഇലക്ട്രിസിറ്റി മീറ്ററുകള്‍ ഘട്ടം ഘട്ടമായി മാറ്റി പൂര്‍ണമായി പ്രീപെയ്ഡ് സംവിധാനത്തിലേക്കു മാറുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ ആര്‍ഡിഎസ്എസ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8175.05 കോടി രൂപയുടെ പദ്ധതി കെഎസ്ഇബി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബില്ല് സഹകരണ സ്ഥാപനങ്ങളിലൂടെ അടയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കും. നിലവില്‍ ഓണ്‍ലൈന്‍ വഴി ബില്ല് അടയ്ക്കുമ്പോള്‍ ഇതര സര്‍വീസ് ചാര്‍ജ് ഈടാക്കാറില്ല. ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത ആദിവാസി ഊരുകളില്‍ ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി ചെയര്മാന് സ്ഥാനത്ത് നിന്നും ബി.അശോകിനെ മാറ്റിയത് ഭരണപരമായ സൗകര്യത്തിനു് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി വഴി 993 പദ്ധതികളാണു നടപ്പാക്കുന്നത് : മന്ത്രി കെ.എന്‍.ബാലഗോപാല്‍
തിരുവനന്തപുരം: കിഫ്ബി വഴി 70000 കോടിയിലധികം അടങ്കല്‍ തുക വരുന്ന 993 പദ്ധതികളാണു നടപ്പാക്കുന്നതെന്നു മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതില്‍ 20000 കോടിയും വന്‍കിട ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്ക്കുള്ളതാണ്. പദ്ധതി നിര്‍വഹണത്തിനു കിഫ്ബിയുടെ പക്കല്‍ ആവശ്യത്തിനു ഫണ്ടില്ലെന്ന വ്യാജപ്രചരണം കരാറുകാര്‍ തിരിച്ചറിഞ്ഞെന്നും കാലതാമസമില്ലാതെ ഫണ്ട് വേഗം ലഭിക്കുന്നത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.