ട്രയൽ അലോട്ട്മെന്റ്: പോർട്ടൽ പണിമുടക്കി ; ഫലം അറിയാനോ തിരുത്തൽ വരുത്താനോ കഴിയാതെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: പ്ലസ് ട്രയൽ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചെങ്കിലും പോർട്ടൽ പണി മുടക്കിയത് കൊണ്ട് അലോട്ട്മെന്റ് പരിശോധിക്കാനാവാതെ വിദ്യാർത്ഥികൾ. പോർട്ടലിൽ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാനായി ആവശ്യമായ സാങ്കേതിക ക്രമീകരണം നടപ്പിലാക്കിയിട്ടില്ലെന്ന് ആരോപണങ്ങളുണ്ട്.
ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തലുകൾ വരുത്താനും ഓപ്ഷനുകൾ മാറ്റാനും ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ, പോർട്ടൽ പ്രവർത്തിക്കാത്തത് കൊണ്ട് ആദ്യത്തെ ദിവസം വേണ്ട തിരുത്തലുകൾ വരുത്താൻ വിദ്യാർത്ഥികൾക്ക് സാധിച്ചില്ല. ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ഓപ്ഷൻ മാറ്റാനും തിരുത്തലുകൾ വരുത്താനുമുള്ള സമയം. ഇതിനുള്ള സമയം നീട്ടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.