ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി; ഇനി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. കൃഷ്ണ തേജയെ പുതിയ ജില്ലാ കളക്ടറായി നിയമിച്ചു. ശ്രീറാമിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്.

സപ്ലൈകോ ജനറല്‍ മാനേജരായാണ് പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്. 67,700 രൂപമുതല്‍ 2,08,700 വരെയാണ് ഈ പദവിയില്‍ വേതനമായി ലഭിക്കുക.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജയാണ് ശ്രീറാമിന് പകരം ആലപ്പുഴ കളക്ടറാകുക. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് കൃഷ്ണ തേജ ഐഎഎസ്.
ജൂലൈ 16നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടറായി ചുമതലയേറ്റത്. നിയമനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാളെ ഉന്നതപദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *