പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് തുടങ്ങും’; രണ്ടാം ഘട്ട അലോട്‌മെന്റ് ഓഗസ്റ്റ് 15ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് തുടങ്ങും. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് 15 നും മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22 നും പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്ത് ജെന്‍ഡര്‍‍ ന്യൂട്രാലിറ്റി എന്ന ആശയം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാഠപുസ്തകങ്ങളുടെ ജെന്‍ഡര്‍‍ ഓഡിറ്റിങ്ങ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ലിംഗസമത്വ യൂണിഫോം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ല. ഈ കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ല. പൊതുവേ സ്വീകാര്യമായ യൂണിഫോം മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂണീഫോമിന്റെ കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ്സ് റൂമിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്‌കൂളിലേയ്ക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുത് എന്നും വളരെ നേരത്തെ തന്നെ സര്‍ക്കുലര്‍ നിലവിലുണ്ട്. 2022-23 അധ്യയനവര്‍ഷം സ്‌കൂളുകള്‍ ആരംഭിച്ച് കുട്ടികള്‍ നേരിട്ട് സ്‌കൂളില്‍ വന്ന് പഠനം നടത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പഠനം നടത്തേണ്ടതിന്റെ ആവശ്യകത ഒഴിവായിട്ടുണ്ട്. സ്‌കൂള്‍ ക്യാമ്പസിനകത്തും ക്ലാസ്സ് റൂമിനകത്തും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അധ്യാപകരും രക്ഷിതാക്കളും ഈ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *