ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍. 528 വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥിയായ ജഗ്ദീപ് ധന്‍കറിന് ലഭിച്ചു. 780 എംപിമാരില്‍ 725 പേര്‍ വോട്ട് ചെയ്തു. 527 വോട്ടാണ് എന്‍ഡി ഉറപ്പിച്ചിരുന്നത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന മാർഗരറ്റ് ആൽവയ്ക്ക് 200 വോട്ട് തികയ്ക്കാനായില്ല. 372 വോട്ടാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അസുഖബാധിതരായതിനാല്‍ രണ്ട് ബിജെപി എംപിമാര്‍ വോട്ട് ചെയ്തില്ല. 34 തൃണമൂല്‍ എംപിമാര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
എന്നാല്‍ രണ്ട് തൃണമൂൽ എംപിമാര്‍ വിലക്ക് ലംഘിച്ച് വോട്ട് ചെയ്തു. വിമത എംപിമാരായ ശിശിര്‍ അധികാരിയും ദിബേന്ദു അധികാരിയുമാണ് വോട്ട് ചെയ്തത്. തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് പോയ സുവേദു അധികാരിയുടെ അച്ഛനും സഹോദരനുമാണിവര്‍. ഭരണപക്ഷ സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിഞ്ഞ ശേഷമാണ് പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന്റെ ഐക്യം ഇല്ലായ്മ ആദ്യമേ പ്രകടമായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചെങ്കിലും, കൂടിയാലോചനകളില്ലാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് പറഞ്ഞ് മമത ബാനര്‍ജി പിന്തുണ പിന്‍വലിച്ചു.