കമ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന് അന്തരിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന് അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂരിലെ നാറാത്തെ വീട്ടിലായിരുന്നു ആറ് മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വാര്ധക്യസഹജരോഗങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.1935ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കുഞ്ഞനന്തന് സിപിഐഎമ്മിനൊപ്പം നിന്നു. 1957ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
1959ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965ല്‍ ബ്ലിറ്റ്സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബെര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന് എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് ബെര്‍ലിന്‍ കുഞ്ഞനന്തനെന്ന് അറിയപ്പെട്ട് തുടങ്ങിയത്. പിശാചും അവന്റെ ചാട്ടുളിയും പുസ്തകത്തിലൂടെ പ്രശസ്തനായി. 79-ാം വയസില്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു.1926 നവംബര്‍ 26 ന് നാറാത്താണ് ജനനം. ഭാര്യ: സരസ്വതിയമ്മ. മകള്‍: ഉഷ (ബെര്‍ലിന്‍). മരുമകന്: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി.