പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം ; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ കോടതി

കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസില്‍ പ്രതിക്ക് ജാമ്യം നല്കിയ വിധിയില്‍ വിചിത്ര പരാമര്‍ശവുമായി കോടതി. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമര്‍ശമുള്ളത്.
നേരത്തെ സിവിക് ചന്ദ്രന് കോടതിയില്‍ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്ന രീതിയിലുളളതാണെന്നാണ് കോടതി നിരീക്ഷണം. അംഗപരിമിതനും 74 വയസുമുളള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്തിയെന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു.