മാധ്യമ രംഗം കടുത്ത വെല്ലുവിളികൾ നേരിടുന്നു; മന്ത്രി ജി. ആർ. അനിൽ

തിരുവനന്തപുരം : മാധ്യമ രംഗം കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ. സത്യം കണ്ടെത്താനും സത്യം തന്നെ ജനങ്ങളിൽ എത്തിക്കാനും ശ്രമിച്ചാൽ മാത്രമേ ഫോർത്ത് എസ്റ്റേറ്റ് എന്ന സങ്കൽപം യഥാർഥ്യമാകുകയുള്ളൂ. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ആ ചുമതല നിറവേറ്റാൻ മാധ്യമ പ്രവർത്തകർ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്‌മോൾ ആന്റ് മീഡിയം ന്യൂസ് പേപ്പേഴ്സ് (IFSMN) സംഘടിപ്പിച്ച മാധ്യമശ്രീ പുരസ്‌കാര വിതരണവും ഓണാഘോഷപരിപാടികളും തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ മുൻ കേന്ദ്രമന്ത്രി കെ. വി. തോമസ് അധ്യക്ഷത വഹിച്ചു. മാധ്യമശ്രീ പുരസ്കാരത്തിന് അർഹനായ മുതിർന്ന മാധ്യമ പ്രവർത്തകനും മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററുമായ കെ. പ്രഭാകരൻ, പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്‌കാരത്തിനു അർഹനായ രാഷ്ട്രദീപിക റിപ്പോർട്ടർ എം. സുരേഷ്ബാബു എന്നിവർ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
കേരള യൂണിവേഴ്സിറ്റി മുൻ പ്രൊ വൈസ് ചാൻസ്ലർ ഡോ. വീരമണികണ്oൻ, മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗം പ്രൊഫസർ. എസ്. വർഗീസ്, മുൻ ജില്ലാ ജഡ്ജി പി. ഡി. ധർമ്മരാജ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് നേതാക്കളെ തിരഞ്ഞെടുത്തത്.
രാജൻ പാച്ചല്ലൂർ രചിച്ച നഗ്നയഥാർത്യങ്ങൾ എന്ന നോവലിന്റെ ആദ്യ കോപ്പി IFSMN സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. എസ്. ഹരീന്ദ്രനാഥ് ന് നൽകി കൊണ്ട് മന്ത്രി പ്രകാശനം ചെയ്തു.
മുൻ നിയമസഭാ സ്പീക്കർ എം. വിജയകുമാർ ഓണാഘോഷപരിപാടികൾ പുതു വസ്ത്രം നൽകി ഉത്ഘാടനം ചെയ്തു.
IFSMN സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. എസ്. ഹരീന്ദ്രനാഥ്, മുൻ ജില്ലാ ജഡ്ജി പി. ഡി. ധർമ്മരാജ്, IFSMN രക്ഷാധികാരി കെ. രാമൻ പിള്ള, മുൻ ദേവസ്വം ബോർഡ് അംഗം കെ. പി. ശങ്കരദാസ്, IFSMN ദേശീയ ജോയിന്റ് സെക്രട്ടറി വലിയശാല മണികണ്ഠൻ, കഥാകൃത്ത് എ. സജികുമാർ, വീണ എസ് നായർ എന്നിവർ സംസാരിച്ചു.
താന്ത്രിക ആചാര്യ പുരസ്കാരം പുതുമന മഹേശ്വരൻ നമ്പുതിരിയും ദക്ഷിണമൂർത്തി സംഗീത പുരസ്കാരം വിനയ തലശേരിയും അക്ഷര മുത്തശ്ശി പുരസ്‌കാരം ഗിരിജമുത്തുകൃഷ്ണനും ഏറ്റുവാങ്ങി.