പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കി; അധ്യാപകനെതിരെ പോക്സോ കേസ്

ഇടുക്കിയില്‍ എന്‍എസ്എസ് ക്യാമ്പിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയ അധ്യാപകനെതിരെ പോക്സോ കേസ്. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. ക്യാമ്പിനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നത് ഇയാള്‍ ഒളിഞ്ഞ് നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.

തുടക്കത്തില്‍ ആരും പരാതി നല്‍കാന്‍ മുന്നോട്ട് വന്നിരുന്നില്ല. പിന്നീട് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി. ഇതില്‍ അന്വേഷണം ആരംഭിച്ചതോടെ അധിക്ഷേപത്തിനിരയായ കുട്ടികളെ കണ്ടെത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. പെണ്‍കുട്ടികളുടെ സഹപാഠിയോട് സഹായം തേടുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. മുമ്പും ഇയാള്‍ക്കെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.

കഞ്ഞിക്കുഴി സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് ക്യാമ്പ് നടത്തിയത്. ഈ ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനെതിരെയാണ് പരാതി. പത്തനംതിട്ടയിലെ ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *