പോപുലര്‍ ഫ്രണ്ടിനെതിരെയുളള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെ സമുദായ നേതാക്കളുടെയും പണ്ഡിതന്മാരുടെയും യോഗം അപലപിച്ചു

പോപുലര്‍ ഫ്രണ്ടിനെതിരെയുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ സമുദായ നേതാക്കളുടെയും പണ്ഡിതന്മാരുടെയും യോഗം അപലപിച്ചു. നൂറിലധികം മുസ്ലിം സമുദായ നേതാക്കളുടെയും പണ്ഡിതന്മാരുടെയും യോഗമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് എതിരേ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ അപലപിച്ചത്. അതേസമയം രാജ്യത്തെ വലതുപക്ഷ വര്‍ഗീയതയുടെ വെല്ലുവിളികളെ നേരിടാന്‍ മുസ്ലിംകളും പൊതുസമൂഹവും തമ്മിലുള്ള ഐക്യം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി.
രാജ്യത്തെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് നിരവധി പ്രമുഖ മുസ്ലിം പണ്ഡിതന്മാരും എന്‍ജിഒകളുടെ പ്രതിനിധികളും ദേശീയ തലസ്ഥാനത്ത് അഖിലേന്ത്യാ പ്രതിനിധി കണ്‍വെന്‍ഷന്‍ (നുമൈന്ദ ഇജ്‌ലാസ്-ഇ-ഉമ്മത്) ചേര്‍ന്നത്. രാഷ്ട്രീയ എതിരാളികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മുസ്ലിം സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരെ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി യോഗം ആരോപിച്ചു. ദ്വിദിന കണ്‍വെന്‍ഷന്റെ അവസാനത്തില്‍ മുസ്ലിം ഉലമാക്കളും സമുദായ നേതൃത്വത്തിലുള്ള സംഘടനകളും നേരിടുന്ന പീഡനത്തിലും ഭീഷണിയിലും ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കി.
മൗലാന കലീം സിദ്ദിഖിയുടെയും ഉമര്‍ ഗൗതമിന്റെയും അറസ്റ്റിനെക്കുറിച്ച് പ്രമേയത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. മുസ്ലിംകള്‍ ഇസ്ലാമിന്റെ മൂല്യങ്ങളും സാംസ്‌കാരിക സ്വത്വവും പൂര്‍ണ്ണമായും സംരക്ഷിക്കണമെന്നും നീതിക്കും സമാധാനത്തിനും വേണ്ടി പരിശ്രമിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *