നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. കൊല്ലം എസ് എൻ കോളേജിൽ സെപ്റ്റംബർ നാലിനാണ് പരീക്ഷ നടക്കുക. കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നടന്ന പരീക്ഷയിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്കാണ് പരീക്ഷയെഴുതുവാനുളള അവസരം. വീണ്ടും പരീക്ഷയെഴുതാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ മാത്രം എഴുതിയാൽ മതിയെന്നും ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷ അറിയിപ്പ് കിട്ടിയതായും ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങിയതായും കുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളെ അറിയിച്ചു. അപമാനിക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.