തെരഞ്ഞെടുപ്പ് സുതാര്യമാകണം ; അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുറത്ത് വിടണമെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സമിതിയ്ക്ക് കത്തയച്ചു. തെരഞ്ഞെടുപ്പ് സുതാര്യമാവേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ആര്‍ക്കു വോട്ട് ചെയ്യാം, ആര്‍ക്കു പിന്താങ്ങാം എന്നത് ഒരു തെരഞ്ഞടുപ്പില്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും തരൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേയ്ക്കു മത്സരിക്കുന്നതിന് 10 പിസിസി പ്രതിനിധികളെങ്കിലും പേര് നിര്‍ദേശിക്കണം. എന്നാല്‍ ലിസ്റ്റില്‍ പേരില്ലാത്ത ഒരാളാണ് പിന്താങ്ങുന്നതെങ്കില്‍ സ്ഥാനാര്‍ത്ഥി അയോഗ്യനായേക്കും എന്നതും നേതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ലിസ്റ്റില്‍ പേരില്ലാതെ മത്സരിക്കാനാവില്ലെന്നതും പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. തരൂർ മത്സരത്തിനൊരുക്കമല്ലെങ്കിൽ മാത്രമാകും മനീഷ് തിവാരി മത്സരത്തിനിറങ്ങുക. ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും സംഘാംഗങ്ങൾക്കിടയിൽ ചർച്ച സജീവമാണ്. 2001ലാണ് അവസാനമായി സംഘടനാ തെരഞ്ഞെടുപ്പനുസരിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 9000ലധികം അംഗങ്ങള്‍ ഇലക്‌ട്രല്‍ കോളജില്‍ ഉണ്ടായിരുന്നു. അന്ന് സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച നേതാവിനു ലഭിച്ചത് വെറും 94 വോട്ടുകളായിരുന്നു. അന്ന് മുതല്‍ തന്നെ ഇലക്‌ട്രല്‍ കോളജിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവാദം വളരെ ശക്തമായിരുന്നു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് കോ​ൺഗ്രസിലെ പ്രശ്ന പരിഹാരത്തിനുള്ള വഴിയാണെന്ന അഭിപ്രായമാണ് ശശി തരൂരിന്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്കുള്ള ഡസൻ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് കോൺഗ്രസിന് ആവശ്യമായ പുനരുജ്ജീവനത്തിലേക്കുള്ള തുടക്കമാണെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *