കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തതിനുശേഷം  നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ സഭയില്‍ നടത്തിയ മറുപടി പ്രസംഗം

സഭാ നേതാവു കൂടി ആയിട്ടുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാര്‍, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുമാനപ്പെട്ട ഗവണ്മെന്റ് ചീഫ് വിപ്പ്,  ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍, ബഹുമാനപ്പെട്ട കക്ഷിനേതാക്കളെ, ബഹുമാന്യരായ സഭാംഗങ്ങളേ,

1957 ഏപ്രില്‍ 27-ാം തീയതി ആദ്യ സമ്മേളനം ചേര്‍ന്നതിനുശേഷം ആറരപതിറ്റാണ്ടുകള്‍ പിന്നിട്ട കേരള നിയമസഭ കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു നിയമനിര്‍മ്മാണ സഭയായിട്ടാണ് പൊതുവേ വിലയിരുത്തപ്പെട്ടിരിക്കുന്നത്. കേരള നിയമസഭ നിലവില്‍ വന്നതിനു ശേഷമുള്ള 3419-ാമത്തെ സമ്മേളനമാണ് ഇന്ന് നടക്കുന്നത്. മഹത്തായതും അത്യപൂര്‍വ്വങ്ങളുമായ ഒട്ടേറെ സംഭവ പരമ്പരകള്‍ കൊണ്ട് സമ്പന്നമായ ഒരു ചരിത്രമുള്ള ഈ സഭയുടെ അധ്യക്ഷനായി എന്നെ തെരഞ്ഞെടുത്തതില്‍ നിങ്ങളോരോരുത്തരോടും ഞാന്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളട്ടെ. 

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍നിന്നും ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവില്‍നിന്നും വിവിധ കക്ഷിനേതാക്കന്മാരില്‍നിന്നുമുണ്ടായ അനുമോദനങ്ങള്‍ക്കും ആശംസകള്‍ക്കും സഹകരണ വാഗ്ദാനങ്ങള്‍ക്കും എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

കേരള നിയമസഭയിലെ പ്രഗത്ഭരായ മുന്‍ സ്പീക്കര്‍മാരെ ഞാന്‍ ഈ അവസരത്തില്‍ പ്രത്യേകം ഓര്‍ക്കുകയും ആ ബഹുമാന്യര്‍ സൃഷ്ടിച്ച ഉത്തമമായ മാതൃകകളെ കൃതജ്ഞതയോടെ സ്മരിക്കുകയും ചെയ്യുന്നു. എന്റെ മുന്‍ഗാമികളായ രണ്ടുപേരുടെ ഈ സഭയിലെ സാന്നിധ്യം എന്റെ കൃത്യനിര്‍വ്വഹണത്തില്‍ എനിക്ക് ആത്മധൈര്യവും പ്രചോദനവും നല്‍കുമെന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ  കേരള നിയമസഭയില്‍ അംഗമാവുകയും ഇപ്പോഴും ഈ സഭയില്‍ അംഗമായി തുടരുകയും ചെയ്യുന്ന ബഹുമാന്യ വ്യക്തിത്വങ്ങളായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി ശ്രീ. പി.ജെ. ജോസഫ് എന്നിവരുടെ സാമീപ്യം എന്നെ ഏറെ വിനീതനാക്കുന്നു. അതുപോലെ പൊതുരംഗത്തും ഭരണ രംഗത്തും ഏറെ പരിചയസമ്പന്നരായ മന്ത്രിമാരും മുന്‍മന്ത്രിമാരും പ്രതിപക്ഷനേതാക്കളും വിവിധ കക്ഷിനേതാക്കളും ഈ സഭയില്‍ അംഗങ്ങളായിരിക്കുന്നു എന്നത് എനിക്ക് കൂടുതല്‍ മനോധൈര്യവും ആത്മവിശ്വാസവും പകരുന്നു.

രാജ്യത്തെ നിയമനിര്‍മ്മാണ സഭകള്‍ക്ക് പൂര്‍ണ്ണമായും പാര്‍ലമെന്ററി ജനാധ്യപത്യ ഭരണ സംവിധാനം വിഭാവനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ല എന്നൊരു ആക്ഷേപം പരക്കെ നിലനില്‍ക്കുന്ന ഒരു കാലമാണിത്. വ്യത്യസ്തങ്ങളായ കാരണങ്ങളാല്‍ പല സംസ്ഥാന നിയമസഭകളുടേയും പ്രവര്‍ത്തനം ശരാശരിക്കും താഴെയായിത്തന്നെ തുടര്‍ന്നു വരുന്നു. സംസ്ഥാന നിയമസഭകളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ പോലും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദിഗ്ദ്ധകാലത്തുപോലും ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു പ്രതിപക്ഷവും കേരള നിയമസഭയുടെ മാത്രം പ്രത്യേകതയാണ്. അത് മറ്റൊരു കേരള മോഡല്‍ കൂടിയാണ്.

നിയമസഭയുടെ ചട്ടങ്ങളിലും പ്രവര്‍ത്തനരീതിയിലും സമഗ്രമായ പരിഷ്കരണങ്ങള്‍ വരുത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിച്ച് ശിപാര്‍ശ നല്‍കാനായി നിലവില്‍ രൂപീകരിച്ചിട്ടുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ സഭാ പ്രവര്‍ത്തനങ്ങളും വിവിധ സമിതികളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സജീവമാക്കാനുള്ള തീരുമാനം നമുക്കൊരുമിച്ച് കൈക്കൊള്ളാവുന്നതാണ്.

“നിയമസഭാ പരിസരം” അഥവാ “Precincts of the Assembly” എന്ന പ്രയോഗത്തിന് സഭാചട്ടങ്ങളില്‍ നല്‍കിയിട്ടുള്ള നിര്‍വചനത്തിനുള്ളില്‍ മാത്രം നിന്നു പ്രവര്‍ത്തിക്കുന്ന ഒരു സഭയായിട്ടാണ് കേരള നിയമസഭ സമീപകാലം വരെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്നതും സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ ഉള്ളവരേയും വിദ്യാര്‍ത്ഥികള്‍‌ ഉള്‍പ്പെടെയുള്ളവരേയും ഉദ്ദേശിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ പരിപാടികള്‍ കഴിഞ്ഞ ഒരു വ്യാഴവട്ടകാലയളവിനുള്ളില്‍ നമ്മുടെ സഭയ്ക്ക് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ജനപ്രതിനിധികളു ടേയും വനിതാ ജനപ്രതിനിധികളുടേയും അഖിലേന്ത്യാ കോണ്‍ഫറന്‍സുകള്‍, വിദ്യാര്‍ത്ഥി പാര്‍ലമെന്റുകള്‍, ഭരണഘടനാ ക്ലാസ്സുകള്‍, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രഭാഷണ പരമ്പരകള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പരിശീലന പരിപാടികള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, സംവാദങ്ങള്‍, സന്ദര്‍ശന പരിപാടികള്‍, ഹരിത പ്രോട്ടോക്കോള്‍, ഓ‍ഡിയോ-വീഡിയോ ചിത്ര പ്രദര്‍ശനം തുടങ്ങി നിരവധി മേഖലകളില്‍ കേരള നിയമസഭയുടെ കൈയ്യൊപ്പ് ചാര്‍ത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഭാവനാസമ്പന്നമായ ഇത്തരം പരിപാടികള്‍ തുടര്‍ന്നും  നടത്തുവാന്‍ എല്ലാപേരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്.

സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായി നിയമസഭയ്ക്ക് സ്വന്തമായൊരു ചാനല്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിനു പുറമെ സമ്പൂര്‍ണ്ണ കടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യത്തിലേക്ക് നാം നടന്നടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പാര്‍ലമെന്റിനുതന്നെ മാതൃകയായ സബ്ജക്ട് കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ള നിയമസഭാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധ നേടിയിട്ടുണ്ടെന്നത് നമുക്ക് അഭിമാനം പകരുന്ന കാര്യമാണ്. നൂറുവര്‍ഷം പൂര്‍ത്തിയാക്കിയ നിയമസഭാ ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര പുസ്തകമേള, കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ഡിബേറ്റ്സിന്റെ മലയാള പരിഭാഷയുടെ പ്രസാധനം, നിയമസഭാ മ്യൂസിയത്തിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ഓഡിയോ-വീഡിയോ ചിത്ര പ്രദര്‍ശനങ്ങള്‍, K-LAMPS ന്റെ ആഭിമുഖ്യത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രഭാഷണങ്ങള്‍, ഭരണഘടനാ ക്ലാസ്സുകള്‍ തുടങ്ങി ഇനിയും നിരവധി പരിപാടികള്‍ വിജയിപ്പിക്കുവാന്‍ ഈ സഭയിലെ അംഗങ്ങളുടെ സഹകരണം അനിവാര്യമാണ്.

ബഹുമാന്യരായ സഭാംഗങ്ങളേ, ഈ സഭയിലെ എന്റെ അംഗത്വത്തിന് കേവലം ആറുവര്‍ഷം മാത്രമേ പ്രായമായിട്ടുള്ളൂ. നമ്മുടെ സഭാ പ്രവര്‍ത്തനങ്ങളില്‍ വന്നുചേര്‍ന്നിട്ടുള്ള ഗുണപരമായ മാറ്റങ്ങളേയും അംഗങ്ങള്‍ സഭാനടപടികളില്‍ കാണിക്കുന്ന താല്‍പര്യത്തേയും സംബന്ധിച്ചുകൂടി ഏതാനും വാക്കുകള്‍ എന്റെ ഈ ചെറുമറുപടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് കാണുന്നത്. പതിനാലാം കേരള നിയമസഭയില്‍നിന്നും പതിനഞ്ചാം കേരള നിയമസഭയിലേക്ക് കടന്നതോടുകൂടി സഭയ്ക്കകത്തു നടക്കുന്ന ചര്‍ച്ചകളില്‍ സംവാദങ്ങളിലും ഇടപെടലുകളിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഈ സഭ നിലവില്‍ വന്നതിനുശേഷം പാസ്സാക്കപ്പെട്ട 65 നിയമങ്ങളുമായി ബന്ധപ്പെട്ട് സഭയില്‍ നടന്നിട്ടുള്ള ചര്‍ച്ചകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. ആശയപരമായി എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുള്ള ബില്ലുകളുടെ കാര്യത്തിലൊഴികെയുള്ള ബില്ലുകള്‍ സഭ ഏകകണ്ഠമായിട്ടാണ് പാസ്സാക്കിയത് എന്നതും ഒരു പ്രത്യേകതയായി കാണാവുന്നതാണ്. സഭയുടെ നടപ്പു സമ്മേളനത്തില്‍ നിയമനിര്‍മ്മാണ വേളയിലും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസുകളിന്മേലും സഭയില്‍ നടന്ന സര്‍ഗ്ഗാത്മകമായ ചര്‍ച്ചകളെ പരാമര്‍ശിച്ചുകൊണ്ട് മുന്‍ സ്പീക്കര്‍, സമ്മേളന അവലോകനം നടത്തുന്ന വേളയില്‍ പറഞ്ഞത്  ഈ സഭയുടെ അധ്യക്ഷനായിരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്ന പ്രസ്തുത അംഗീകാരം ഈ സഭയ്ക്ക് ഒന്നാകെയും ഓരോ അംഗത്തിനും വ്യക്തിപരമായും അവകാശപ്പെട്ടതു തന്നെയാണെന്നാണ് ഞാന്‍ വിലയിരുത്തുന്നത്.

യോജിക്കാന്‍ കഴിയാത്ത മേഖലകളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തി വിയോജിക്കുകയും സഹകരിക്കേണ്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടികളോട് പരമാവധി സഹകരിച്ചും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് പ്രതിപക്ഷ ധര്‍മ്മം. അതുപോലെ പ്രതിപക്ഷ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുകയും അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് സഭാ നടപടികള്‍ നടത്തിയെടുക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നത് ഭരണപക്ഷത്തിന്റെയും ഉത്തരവാദിത്വമാണ്. അത്തരത്തില്‍ ഉന്നതമായ പാര്‍ലമെന്ററി മര്യാദകള്‍ പുലര്‍ത്തുവാന്‍ പരിശ്രമിക്കുന്ന ഒരു പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഈ സഭയുടെ കരുത്താണ്.  പ്രതിപക്ഷ വിമര്‍ശനങ്ങളെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു സഭാ നേതാവും ഭരണപക്ഷവും ഈ സഭയുടെ ഒരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ സഭാ അധ്യക്ഷനെന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്തം തികച്ചും ആയാസരഹിത മായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ നേര്‍ദിശയിലേക്ക് നയിക്കുവാന്‍ വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിനും സഭാ ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിധേയമായുള്ള   എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ സഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനുള്ള നന്ദി ഒരിക്കല്‍ക്കൂടി അറിയിച്ചുകൊണ്ടും എല്ലാപേരില്‍നിന്നുമുള്ള സഹകരണം പ്രതീക്ഷിച്ചുകൊണ്ടും ഞന്‍ നിര്‍ത്തുന്നു.

എല്ലാപേര്‍ക്കും എന്റെ വിനീത നമസ്കാരം

Leave a Reply

Your email address will not be published. Required fields are marked *