കാട്ടാക്കട ഡിപ്പോ മര്‍ദ്ദനം : കെ എസ് ആര്‍ ടി സിക്ക് ലക്ഷങ്ങളുടെ പരസ്യം നഷ്ടമായി; വിദ്യാര്‍ത്ഥിനിക്ക് നാലു വര്‍ഷം യാത്ര ചെയ്യുന്നതിന് പണം നല്‍കുമെന്ന് പ്രമുഖ ജ്വലറി ഗ്രൂപ്പ്

കേരള മനസാക്ഷിയെ ഞെട്ടിച്ച കാട്ടാക്കട കെഎസ്ആര്‍ടിസി മര്‍ദ്ദനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങളുടെ പരസ്യം നഷ്ടമായി. മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച ജീവനക്കാരുടെ നടപടയില്‍ പ്രതിഷേധിച്ച് പ്രമുഖ ജൂവലറി ഗ്രൂപ്പ് പരസ്യ എഗ്രിമെന്റില്‍ നിന്നും പിന്‍വാങ്ങി. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അച്ചായന്‍സ് ഗോള്‍ഡാണ് കെ.എസ്.ആര്‍.ടി.സിയുമായുള്ള എഗ്രിമെന്റില്‍ നിന്നും പിന്‍വാങ്ങിയത്. വളരെ ഞെട്ടലുണ്ടാക്കിയ സംഭവത്തില്‍ ഏറെ വേദനയുണ്ടായി എന്ന് അച്ചായന്‍സ് ഗോള്‍ഡ് മാനേജര്‍ ഷിനില്‍ കുര്യന്‍ പറഞ്ഞു.
മനസിനെ നോവിക്കുന്ന വീഡിയോ കണ്ടതോടെയാണ് ജൂവലറിയുടെ ഭാഗത്തുനിന്നും കെഎസ്ആര്‍ടിസിയെ ഒഴിവാക്കുന്ന തീരുമാനം ഞങ്ങളുടെ എം.ഡി ടോണി എടുത്തത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നുള്ളതാണ് അച്ചായന്‍സിന്റെ രീതി. മാത്രമല്ല കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിവന്ന തുകയുടെ ഒരു ഭാഗം ജീവനക്കാരുടെ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കുവാനും ജൂവലറി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. നാലുവര്‍ഷത്തെ യാത്ര സൗകര്യത്തിനുള്ള തുക എന്ന നിലയിലാണ് ഇതു നല്‍കുന്നത്.