മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന് മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.ഇ കെ നയനാര്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു.
1935 മെയ് 15ന് ആര്യാടന് ഉണ്ണീന്‍-കാദിയുമ്മ ദമ്പതികളുടെ മകനായി നിലമ്പൂരിലായിരുന്നു ജനനം. 1852ല്‍ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, 1958 മുതല്‍ കെപിസിസി അംഗമായിരുന്നു. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്.