കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണ്ടിവന്നില്ല. രേഷ്മയുടെ കണ്‍സഷന്‍ വീട്ടിലെത്തിച്ച് കെഎസ്ആര്‍ടിസിയുടെ തെറ്റ് തിരുത്തല്‍

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ മര്‍ദ്ദനവുമായി ബന്ധപ്പെട്ട കേസില്‍ തെറ്റ് തിരുത്തി കെഎസ്ആര്‍ടിസി. ബിരുദ വിദ്യാര്‍ഥിയായ രേഷ്മയുടെ പുതുക്കിയ കണ്‍സെഷന്‍ ടിക്കറ്റ് കെഎസ്ആര്‍ടിസി വീട്ടിലെത്തിച്ചു നല്‍കി. ഇതിനായി കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ വിദ്യാര്‍ഥിയാണെന്നു തെളിയിക്കേണ്ട മറ്റ് രേഖകളൊന്നും രേഷ്മയ്ക്ക് നല്‍കേണ്ടി വന്നില്ല.ഒരാഴ്ച മുമ്പാണ് മകളുടെ കണ്‍സെഷന്‍ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്. കണ്‍സെഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമായിരുന്നു മര്‍ദ്ദനത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്