ബാറ്റിംഗ് പിച്ചെന്ന് പ്രവചനം പിഴച്ചു. വമ്പനടി കാണാനെത്തിയ കാണികള്‍ക്ക് നിരാശ!! ഒടുവില്‍ ദക്ഷിണാഫ്രിക്ക റണ്‍സടിക്കണേയെന്ന് പ്രാര്‍ത്ഥന…

വര്‍ഷങ്ങളായുളള കാത്തിരിപ്പിന് ശേഷം അനന്തപുരിയിലെത്തിയ ക്രിക്കറ്റ് പൂരത്തെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ ഏറ്റെടുത്തു. പിച്ച് ക്യൂറേറ്റര്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം ഇരുന്നൂറ് റണ്‍സെടുക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ചതോടെ കൂറ്റനടികള്‍ പ്രതീക്ഷിച്ചാണ് കാണികള്‍ ആവേശത്തോടെ ഒഴുകിയെത്തിയത്. എന്നാല്‍ മത്സരം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇന്ത്യന്‍ ആരാധകര്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുതുടങ്ങി. തുടരെ തുടരെ വിക്കറ്റ് വീണപ്പോളായിരുന്നു ഇന്ത്യന്‍ ആരാധാകരുടെ എതിരാളികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. ബാറ്റിംഗ് പിച്ചെന്ന് വിലയിരുത്തപ്പെട്ട ഗ്രൗണ്ടില്‍ ഇഷ്ടതാരങ്ങളുടെ ബാറ്റില്‍ നിന്ന് റണ്‍ ഒഴുകുന്നത് കാണാനാണ് എത്തിയത്. എന്നാല്‍ ഇങ്ങനെ പോയാല്‍ മത്സരം ഉടന്‍ അവസാനിക്കുമെന്നായി. കാര്യവട്ടം പിച്ചിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും ട്രോളുകള്‍ വന്നു.

എന്നാല്‍ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും പിന്നീട് ആവേശകരമായ മത്സരമായിരുന്നു. എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. സൂര്യകുമാറും രാഹുലും അര്‍ധ സെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 106 റണ്‍സാണ് എടുത്തത്. ഇന്ത്യയുടെ മറുപടി 3.2 ഓവര്‍ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സായിരുന്നു.

17 റണ്‍സിന് രണ്ട് എന്ന നിലയിലാണ് സൂര്യകുമാറും രാഹുലും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയത്. ക്രീസിലെത്തി ആദ്യ ബോളുകള്‍ തന്നെ രണ്ട് സിക്സറുകള്‍ പറത്തി സൂര്യകുമാര്‍ യാദവ് ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. 33 ബോളില്‍ നിന്ന് 50 റണ്‍സാണ് സൂര്യകുമാര്‍ എടുത്തത്. 56 ബോളില്‍ നിന്നാണ് രാഹുല്‍ 51 റണ്‍സെടുത്തത്. രോഹിത് ശര്‍മ സംപൂജ്യനായപ്പോള്‍ വിരാട് കോലി മൂന്ന് റണ്‍സാണെടുത്തത്. കഗിസോ റബഡ, ആന്റിച്ച് നോയെ എന്നിവര്‍ക്കാണ് വിക്കറ്റ്.

അര്‍ശ്ദീപ് സിംഗിന്റെയും ദീപക് ചാഹറിന്റെയും ഹര്‍ഷല്‍ പട്ടേലിന്റെയും തീതുപ്പും പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക വിയര്‍ക്കുകയായിരുന്നു. മലയാളികള്‍ക്ക് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ ആവേശക്കളി കാഴ്ചവെക്കുകയായിരുന്നു ഇന്ത്യന്‍ ടീം.

Leave a Reply

Your email address will not be published. Required fields are marked *