സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്കാരം തിങ്കാളാഴ്ച്ച മൂന്ന് മണിക്ക്.
രോഗബാധയെ തുടര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയായിരുന്നു. 2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.
ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളില്‍നിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത്. ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടും. ചിട്ടയായ സംഘടനാപ്രവര്‍ത്തനം, പാര്‍ടിയും ജനങ്ങളും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്കാന്തി, അചഞ്ചലമായ പാര്‍ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേതൃപാടവം. ഇവയെല്ലാം കോടിയേരിയില്‍ ഉള്‍ച്ചേരുന്നു.
കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.
കേരള രാഷ്ട്രീയത്തിൻ്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ വേർപാട്. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണൻ വിജയന്‍റെ തുടർച്ചയായി.
ഓണിയൻ സ്കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ൽ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി.അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പിന്നിൽ പോയിട്ടില്ല .