ജനനായകന് വിട.. .കോടിയേരി ഇനി ജനഹൃദയങ്ങളില്‍

അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യ വിശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്. കോടിയേരിയുടെ പത്‌നി വിനോദിനിയെ മുഖ്യമന്ത്രിമന്ത്രിയുടെ ഭാര്യ കമല ചേര്‍ത്തുപിടിച്ചു. കോടിയേരിയുടെ കുടുംബത്തെ മുഖ്യമന്ത്രിയുടെ കുടുംബം ആശ്വസിപ്പിച്ചു. നിറകണ്ണുകളോടെ മക്കളായ ബിനീഷും ബിനോയും നിന്നു.

സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍ സ്റ്റേജിലാണ് അനുശോചനയോഗം ചേരുക.

നേരത്തെ തലശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഞായര്‍ രാത്രി പത്തോടെയാണ് വീട്ടിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നേതാക്കളും എംഎല്‍എമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *