മാസ്കും സാമൂഹ്യ അകലവും തുടരണം; കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് 2 വര്‍ഷമായി തുടരുന്ന കൊവിഡ് നിയന്ത്രണ നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമായങ്കിലും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും തുടരണം.
മാസ്ക് ഒഴിവാക്കന്‍ തീരുമാനിച്ചിട്ടില്ലെന്നും മാസ്ക് ധരിച്ചില്ലെങ്കിലുള്ള കേസാണ് ഒഴിവാക്കിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന്റെ അടുത്ത തരംഗം ജൂണില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നതാണ് നല്ലതെന്നും ഐഎംഎ പറയുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 24ന് ഏര്‍പ്പെടുത്തിയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിക്കുന്നത്. ഈ ഉത്തരവ് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പലവട്ടം പുതുക്കിയിരുന്നു. അവസാനം പുതുക്കി ഇറക്കിയ ഉത്തരവിന്റെ കാലാവധി ഈ 31ന് അവസാനിക്കുകയാണ്. ഇനി പുതിയ ഉത്തരവ് ഇറക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യ്ക്തമാക്കി.
ഇനി മാസ്ക് വേണ്ടായെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.