ആറുമാസം, അരക്കോടി ഫയലുകള്‍; ഇ ഗവേണൻസില്‍ മികച്ച നേട്ടവുമായി ഐഎല്‍ജിഎംഎസ്

ഗ്രാമപഞ്ചായത്തുകളില്‍ ഓൺലൈനില്‍ സേവനം ഒരുക്കുന്ന ഐഎല്‍ജിഎംഎസ് വഴി ഇതിനകം കൈകാര്യം ചെയ്തത് അരക്കോടിയിലധികം ഫയലുകളാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2022 ഏപ്രില്‍ 4നാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണൻസ് മാനേജ്മെന്‍റ് സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്. ഇന്നലെ രാത്രി വരെ 50,91,615ഫയലുകളാണ് ഐഎല്‍ജിഎംഎസ് വഴി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ കൈകാര്യം ചെയ്തത്. ഇതില്‍ 43,92,431 (86.26%) ഫയലുകളും തീര്‍പ്പാക്കിയിട്ടുണ്ട്. തീര്‍പ്പാക്കാൻ ബാക്കിയുള്ളതില്‍ അപാകത പരിഹരിക്കാൻ കത്ത് നല്‍കിയ 1,07,258ഫയലുകളും പാര്‍ക്ക് ചെയ്ത 1,40,961ഫയലുകളുമുണ്ട്. 264 സേവനങ്ങളാണ് ഐഎല്‍ജിഎംഎസ് വഴി നിലവില്‍ ലഭ്യമാക്കുന്നത്. അഭിമാനകരമായ നേട്ടമാണ് ഐഎല്‍ജിഎംഎസ് വഴി ഇ ഗവേണൻസ് രംഗത്ത് കേരളം കൈവരിച്ചതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നേട്ടത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഐഎല്‍ജിഎംഎസ് രൂപകല്‍പ്പന ചെയ്ത ഇൻഫര്‍മേഷൻ കേരളാ മിഷനെയും മന്ത്രി അഭിനന്ദിച്ചു. 

പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ സേവനങ്ങള്‍ എല്ലാം ലഭ്യമാകുന്ന രീതിയിലാണ് ഐഎല്‍ജിഎംഎസ് സംവിധാനം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്. പണമടയ്ക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുള്‍പ്പെടെ വെബ്സൈറ്റിലുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ നേരിട്ട് വരാതെ, വെബ്സൈറ്റിലൂടെ അപേക്ഷകള്‍ നല്‍കുന്ന സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *