നരബലിക്കേസിലെ പ്രതി ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ‘ശ്രീദേവി’ വീണ്ടെടുത്ത് പൊലീസ്; ചാറ്റുകള്‍ പരിശോധിക്കും

പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് അന്വേഷണ സംഘം. ശ്രീദേവി എന്ന പേരിലുള്ള ഈ വ്യാജ അക്കൗണ്ടിലൂടെയായിരുന്നു ഭഗവല്‍ സിംഗിനെ ഷാഫി പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള മൂന്ന് വര്‍ഷത്തിലേറെയുളള ചാറ്റുകള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്. ഈ വ്യാജ ഫേസ്ബുക്കിലൂടെ മറ്റാരെയെങ്കിലും ഷാഫി വലയിലാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 2019ലാണ് ഷാഫി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭഗവല്‍ സിംഗുമായി ബന്ധം സ്ഥാപിക്കുന്നത്. ശ്രീദേവി എന്ന പേരിലുളള സ്ത്രീയായി ഭഗവല്‍ സിംഗില്‍ വിശ്വാസം നേടിയ ഷാഫി, അത് ഊട്ടി ഉറപ്പിക്കാന്‍ ഒരു ലൈംഗിക തൊഴിലാളിയുടെയും സഹായം തേടിയെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്ത് വന്നിരുന്നു. എറണാകുളം ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കണ്ടെത്തിയ ലൈംഗിക തൊഴിലാളിയെ കൊണ്ട് ഫോണില്‍ ഭഗവല്‍ സിംഗിനെ വിളിപ്പിച്ചു. ജീവിത പ്രശ്നങ്ങളും ശ്രീദേവി ഭഗവല്‍ സിംഗിനോട് പങ്കുവെച്ചു. ഗള്‍ഫില്‍ വെച്ച് ഭര്‍ത്താവ് കളളക്കേസില്‍ ജയിലിലായെന്നും തൂക്കിക്കൊല്ലാന്‍ വിധിച്ചെന്നുമായിരുന്നു ഷാഫിയുടെ നിര്‍ദേശ പ്രകാരം ആ സ്ത്രീ ഭഗവല്‍ സിംഗിനോട് പറഞ്ഞത്. ഒടുവില്‍ ആഭിചാരത്തിന്റെ സഹായത്താല്‍ എല്ലാത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *