പ്രണയനൈരാശ്യത്തില്‍ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന ശ്യാംജിത്ത് അറസ്റ്റില്‍

കണ്ണൂര്‍ പാനൂരില്‍ സ്വകാര്യ ലാബിലെ ജീവനക്കാരിയായ വിഷ്ണുപ്രിയയുടെ കൊലപാതകത്തില്‍ സുഹൃത്തും മാനന്തേരി സ്വദേശിയുമായ ശ്യാംജിത്ത് അറസ്റ്റില്‍. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണം. ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23) കൊല്ലപ്പെട്ടത്. അഞ്ച് ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മയുടെ മരണത്തെത്തുടര്‍ന്ന് വീട്ടുകാര്‍ അവിടെയില്ലായിരുന്നു. ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങള്‍: വിസ്മയ, വിപിന, അരുണ്‍. അന്വേഷണത്തില്‍ നിര്‍ണായകമായത് പെണ്‍കുട്ടിയുടെ സുഹൃത്ത് നല്‍കിയ മൊഴിയും വാട്സ്ആപ്പ് വീഡിയോ റെക്കോര്‍ഡും. കൊലപാതകി എത്തിയത് വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുമ്പോഴായിരുന്നെന്ന് പൊലീസ് കണ്ടെത്തി. അക്രമിയെ കണ്ട ഉടന്‍ അയാളുടെ പേര് വിഷ്ണുപ്രിയ വിളിച്ചുപറഞ്ഞതും കേസില്‍ നിര്‍ണായകമായി.കൊലയാളി ബെഡ്റൂമിലേക്ക് പ്രവേശിക്കുന്നത് വീഡിയോ കോളിലൂടെ വിഷ്ണുപ്രിയ സുഹൃത്തിന് കാണിച്ചുകൊടുത്തിരുന്നു. ഇതിനൊപ്പം പ്രതിയുടെ പേരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫായി. പെട്ടെന്ന് സുഹൃത്ത് മറ്റുളളവരെ വിളിച്ചുപറഞ്ഞ് വീട്ടിലെത്തിയെങ്കിലും സംഭവം നടന്ന് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *