ഷാരോണ്‍ രാജിന്റെ ദുരൂഹമരണം : അന്വേഷണം ക്രൈം ബ്രാഞ്ചിന്

പാറശാലയില്‍ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി അറിയിച്ചു. ഡി വൈ എസ് പി ജോണ്‍സണിനാണ് അന്വേഷണ ചുമതല.
സുഹൃത്ത് കഴിക്കുന്ന കഷായം ഷാരോണ്‍ രുചിച്ചുനോക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇതാണ് മരണ കാരണമെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും എസ് പി പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരും. വിശദ അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുമെന്നും എസ് പി പറഞ്ഞു.
ഇന്ന് ഷാരോണും പെണ്‍സുഹൃത്തുമായുള്ള ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. കഷായം കുടിച്ച കാര്യം താന്‍ വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഈ ശബ്ദ സന്ദേശത്തിലുണ്ട്. ജ്യൂസ് കുടിച്ച കാര്യമാണ് വീട്ടില്‍ പറഞ്ഞതെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശത്തില്‍ മുമ്പ് പഴകിയ ജ്യൂസ് കുടിച്ച കാര്യം പറയുന്നുണ്ട്. മരണത്തില്‍ കൂടുതല്‍ ദുരൂഹത സൂചിപ്പിക്കുന്നതാണ് ഈ ശബ്ദസന്ദേശം. ഷാരോണിന്റെ മരണത്തില്‍ തന്നെ ബന്ധപ്പെടുത്തിയുള്ള ആരോപണം പെണ്‍സുഹൃത്ത് നിഷേധിച്ചിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഷാരോണിന് താന്‍ വിഷം നല്‍കിയെന്നത് തെറ്റായ ആരോപണമാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.