ഷാരോണിനെ മരണം കൊലപാതകം ; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച് ഗ്രീഷ്മ

പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തിലെ ദുരൂഹത അവസാനിച്ചു. ഷാരോണിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ഷാരോണിനെ വിഷം നല്‍കി കൊന്നതാണെന്ന് പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഷാരോണിന്റെ മുന്‍ കാമുകി രാമവര്‍മഞ്ചിറ സ്വദേശി ഗ്രീഷ്മയാണ് പ്രതി. കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ അന്തവിശ്വാസമാണെന്നും കരുതുന്നു. ഗ്രീഷ്മക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു.

കേസ് അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുത്തെതോടെ അന്വേഷണം ഊര്‍ജിതമായി. ഗ്രീഷ്മ, അച്ഛന്‍, അമ്മ, അടുത്ത ബന്ധു എന്നിവരാണ് രാവിലെ 10.30യോടെ മൊഴി നല്‍കാനായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തി. ഇവരെ പ്രത്യേകം പ്രത്യേകം ഇരുത്തി വിശദമായി ചോദ്യം ചെയ്തു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ആദ്യം കുറ്റം നിഷേധിച്ചു. പരസ്പര വിരുദ്ധമായ മൊഴികളും നല്‍കി. തുടര്‍ന്ന് തെളിവുകള്‍ നിരത്തിയതോടെ
അധികസമയം ഗ്രീഷ്മക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പൊലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു.