ബലാത്സംഗ കേസില്‍ രണ്ട് വിരല്‍ പരിശോധന വിലക്കി സുപ്രീം കോടതി. മെഡിക്കല്‍ കോളേജുകളിലെ പാഠ്യപദ്ധതിയില്‍ നിന്നും നീക്കും

ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നത് വിലക്കി സുപ്രിം കോടതി . ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാല്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന തുടര്‍ന്നു വരികയായിരുന്നു.
ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമായാണ് ഈ പരിശോധനയെ കോടതി വിശേഷിപ്പിച്ചത്. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ പോലും, സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി